Sun. May 19th, 2024

മാഞ്ഞൂർ റെയിൽവേ മേൽപ്പാലം ഉൽഘാടനം ഫെബ്രുവരി 26 ന് : തോമസ് ചാഴികാടൻ എം.പി സ്ഥലം എംഎൽഎ ചെയ്യാത്ത കാര്യത്തിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നതായി എം.പി

By admin Feb 12, 2022 #news
Keralanewz.com

 മാഞ്ഞൂർ: പാത ഇരട്ടിക്കലിന്റെ ഭാഗമായി പുനർനിർമ്മാണം നടക്കുന്ന മാഞ്ഞൂർ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി  26ന് നാടിന് സമർപ്പിക്കുമെന്ന്’തോമസ് ചാഴികാടൻ എം.പി അറിയിച്ചു.


 പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ടു പ്രധാനപ്പെട്ട മേൽപ്പാലങ്ങളാണ് പുനർനിർമ്മിച്ചത്. ഏറ്റുമാനൂർ, നീണ്ടൂർ, കല്ലറ റോഡിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തെ മേൽപ്പാലവും, മാഞ്ഞൂർ – കുറുപ്പന്തറ റോഡിലെ മേൽപ്പാലവും പുനർ നിർമ്മിക്കുന്നതിന് വേണ്ടി 11 കോടി  രൂപയാണ് റെയിൽവേ നീക്കി വെച്ചത്. ജോസ്.കെ.മാണി എം.പി കോട്ടയം ലോക്സഭാഗം ആയിരുന്ന കാലഘട്ടത്തിലാണ് പാത ഇരട്ടിപ്പിക്കലിനും കോട്ടയം റെയിൽവേ സ്റ്റേഷൻ പുനർ നിർമ്മാണത്തിനുമായി ഫണ്ട് അനുവദിച്ചത്. 
 2019 ൽ തോമസ് ചാഴികാടൻ എം.പി ആയതു മുതൽ പുനർ നിർമ്മാണ ജോലികളുടെ അവലോകനം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ സാന്നിധ്യത്തിലും, കൺസ്ട്രക്ഷൻ വിഭാഗത്തിലെ എൻജിനീയർമാരുടെ സാന്നിദ്ധ്യത്തിലും അവലോകനം നടത്തിയിരുന്നു.
 മേൽപ്പാലത്തിന്റെയും സമീപനപാതയുടെയും പൂർണമായ നിർമ്മാണം റയിൽവെയുടെ കൺസ്ട്രക്ഷൻ വിഭാഗമാണ് നടത്തുന്നത്. ഏറ്റുമാനൂർ-കല്ലറ റോഡിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ പാതയുടെ പുനർനിർമ്മാണം നേരത്തെ പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു.

മാഞ്ഞൂർ മേൽപ്പാലത്തിന്റെ സമീപന പാതയുടെ നിർമ്മാണം മൂന്ന് സെന്റോളം വരുന്ന ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തടസപ്പെട്ടിരുന്നു. 2021 ജൂൺ മാസത്തിൽ മേൽപ്പാലത്തിന്റെ നിർമ്മാണ ജോലികൾ, എം.പി നേരിട്ട് സ്ഥലം  സന്ദർശിച്ച്  റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേൽപ്പാലത്തിന്റെ നിർമ്മാണ ജോലികൾ വിലയിരുത്തുകയും 2021 സെപ്റ്റംബർ 30 ന് പാലം തുറന്നുകൊടുക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. എന്നാൽ അതിവർഷവും, കോവിഡ് മൂലവും നിർമ്മാണ ജോലികൾ വീണ്ടും തടസപ്പെട്ടു. അടുത്ത അവലോകനത്തിൽ ഡിസംബർ 31നു മേൽപ്പാലം തുറന്നു കൊടുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയെങ്കിലും അന്നും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.


2022 ജനുവരി 12ന് സതേൺ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ വരുന്ന എം.പി മാരുടെ കോൺഫറൻസ് വിളിച്ചു. ജനുവരി 3നു മുൻപായി എം.പി മാരുടെ കോൺഫെറെൻസിലേക്കുള്ള “അജണ്ടാ നോട്ട്” തയ്യാറാക്കി നൽകാൻ എല്ലാ എം.പി മാരോടും ആവശ്യപ്പെട്ടു. കോട്ടയം പാർലമെന്റ് മണ്ഡലത്തിനു കീഴിൽ വരുന്ന മുഴുവൻ റെയിൽവേ ജോലികളുടെയും സ്ഥിതി വിവരങ്ങൾ ആവശ്യപ്പെട്ട് തോമസ് ചാഴികാടൻ റെയിൽവേ ജനറൽ മാനേജർക്ക് കത്തെഴുതി.


കുറുപ്പന്തറ സ്റ്റേഷനു  സമീപത്തെ മാഞ്ഞൂർ മേൽപ്പാലം നിർമ്മാണം പൂർത്തിയായതായും സമീപന പാതകളുടെ നിർമ്മാണം പുരോഗമിക്കുന്നുതായും ജനറൽ മാനേജരുടെ രേഖാ മൂലമുള്ള മറുപടി ലഭിച്ചു. ഈ മേൽപ്പാലം 2022 ഫെബ്രുവരിയിൽ തുറന്നു കൊടുക്കും എന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.


സമീപന പാതയുടെ പണി ഉടൻ പൂർത്തിയാകും: ജോസ് കെ. മാണി എംപി


പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നടന്ന ജോലികളോടൊപ്പം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടം യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ഏറ്റുമാനൂർ- നീണ്ടൂർ റോഡിൻറെ വടക്കു ഭാഗത്തു നിന്നും മാറ്റി റോഡിന്റെ തെക്കു ഭാഗത്തേക്ക് സ്ഥാപിക്കുകയുണ്ടായി. ഇത് യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മാഞ്ഞൂർ മേൽപ്പാലത്തിന്റെയും സമീപനപാതകളുടെയും പുനർ നിർമ്മാണം പൂർണമായും റെയിൽവേ ആണ് നടത്തിയത്.  സമീപന പാതയുടെ നിർമ്മാണം ബി.എം & ബി.സി രീതിയിൽ ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാക്കുമെന്നും ജോസ്.കെ.മാണി എം.പി അറിയിച്ചു.

*എംഎൽഎയ്ക്കെതിരെ എംപി*
ചെയ്യാത്ത പ്രവർത്തികളുടെ പിതൃത്വം ഏറ്റെടുക്കാൻ  മോൻസ് ജോസഫ് എംഎൽഎ ശ്രമിക്കുകയാണെന്ന് തോമസ് ചാഴികാടാൻ എംപി ആരോപിച്ചു. ഉൽഘാടനം അടക്കം തീരുമാനിച്ച പദ്ധതി തൻ്റെ ഇടപെടൽ മൂലമാണ് പൂർത്തി ആയതെന്ന് എംഎൽഎ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.
പാർലമെന്റ് സമ്മേളനം നടക്കുന്ന അവസരത്തിൽ എം.പി മാർ നാട്ടിലില്ല എന്നു മനസിലാക്കി, എംഎൽഎ രണ്ടു റെയിൽവേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മേൽപ്പാലം സന്ദർശിച്ച് പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തിരിക്കുന്നത് എന്ന് എംപി ആരോപിച്ചു.


സ്വന്തം പാർട്ടിക്കാരായ രണ്ടു വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സന്ദർശനം നടത്തതുകയും മാഞ്ഞൂർ പാലം നിർമ്മാണത്തിന് ചെയ്യാത്ത നിരവധികാര്യങ്ങൾ താൻ ചെയ്തുവെന്നും അവകാശപ്പെടുകയും ചെയ്തത്.  
എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്ന പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും സ്ഥലം സന്ദർശിച്ചിട്ടേയില്ല എന്നും എംപി ചൂണ്ടിക്കാട്ടി. എംഎൽഎ പ്രസ്ഥാവിച്ചപോലെ ഒരാഴ്ച്ചക്കകം മേൽപ്പാലം തുറന്നു നൽകാമെന്ന് റെയിവേ പറഞ്ഞിട്ടില്ലെന്ന് കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഉദാത്ത സുധാകർ ചൂണ്ടിക്കാട്ടി.
 എംഎൽഎമാർക്ക്  പങ്കാളിത്തം ഇല്ലാത്ത എം.പി മാരുടെ ചുമതലയിലുള്ള ഒരു പദ്ധതി അപഹരിച്ച് തന്റേതാക്കി മാറ്റി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം നടപടികളിൽ നിന്നും എം.എൽ.എ പിന്തിരിയണം എന്നും തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.


 പഞ്ചായത്ത് മെമ്പർ മുതൽ പാർലമെന്റ് അംഗം വരെയുള്ള ജനപ്രതിനിധികൾ രാഷ്ട്രീയ ലക്ഷ്യത്തിനപ്പുറം ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
*കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിക്കും തോമസ് ചാഴികാടൻ എം.പിക്കും ഒപ്പം റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഉദാത്ത സുധാകർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു സക്കറിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാല, മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുകാല,  മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലിൽ,  കെ,സി.മാത്യു, ബിജു മറ്റപ്പള്ളി, പി.റ്റി കുര്യൻ, തോമസ് അരയത്ത് , നവകുമാർ , ബേബി എടാട്ടേൽ ടോമി പ്ലാക്കുഴി തുടങ്ങിയവരും ഉണ്ടായിരുന്നു

Facebook Comments Box

By admin

Related Post