ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം; നയതന്ത്ര തലത്തില്‍ പരിഹാരം കാണണമെന്ന് ഇന്ത്യ
ന്യൂയോര്‍ക്ക് : യുക്രൈന്‍- റഷ്യ പ്രതിസന്ധിയില്‍ നയതന്ത്ര തലത്തില്‍ പരിഹാരം കാണണമെന്ന് ഇന്ത്യ. ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം.
തര്‍ക്കങ്ങളില്‍ സമാധാന പാതയിലൂടെ മാത്രമേ പരിഹാരം കണ്ടെത്താനാകൂ എന്നാണ് ഇന്ത്യയുടെ നിലപാടെന്ന് യു എന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.
യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യുഎന്‍ അടിയന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനാണ് ഇന്ത്യ ഇപ്പോള്‍ അടിയന്തര പ്രധാന്യം കൊടുക്കുന്നത്. ഇതിനായി യുക്രൈനിലെ അയല്‍രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നുകൊടുക്കണമെന്നും, ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.
അയല്‍രാജ്യങ്ങള്‍ക്കോ മറ്റ് വികസ്വര രാജ്യങ്ങള്‍ക്കോ സഹായം ആവശ്യമാണെങ്കില്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. മാനുഷികമായ ആവശ്യങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണമെന്നും തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. പൊതുസഭയിലെ ചര്‍ച്ച തുടരുന്നു. ആക്രമണം അവസാനിപ്പിക്കാനും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനുമാണ് സംസാരിച്ച മിക്ക രാജ്യങ്ങളും ആവശ്യപ്പെട്ടത്.
റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈന് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. യുക്രൈന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് മെഡിക്കല്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്.