Kerala News

ശുചിമുറിയില്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി, ഫോണ്‍ കയ്യോടെ പൊക്കി വീട്ടമ്മ, ഒടുവില്‍ ‘ട്വിസ്റ്റ്’

Keralanewz.com

കോഴിക്കോട്: രാമനാട്ടുകരയില്‍ ഹോട്ടലിന്‍റെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍.

ഹോട്ടല്‍ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി തുഫൈല്‍ രാജയാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

രാമനാട്ടുകര സ്വദേശിനിയായ വീട്ടമ്മയും കുടുംബവും രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ശുചിമുറിയില്‍ പോയ വീട്ടമ്മ ജനലിനോട് ചേര്‍ന്ന് വച്ച നിലയില്‍ മൊബൈല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൊബൈല്‍ എടുത്ത് പുറത്തിറങ്ങുകയും ഫറോക്ക് പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഫോണ്‍ കസ്റ്റഡയില്‍ എടുത്തു.

എന്നാല്‍ ആരുടെ ഫോണ്‍ ആണ് ഇതെന്ന് ആദ്യ ഘട്ടത്തില്‍ വ്യക്തമായിരുന്നില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ കാണാനില്ലെന്ന് തുഫൈല്‍ രാജ തന്നെ ഹോട്ടലുടമയോട് പരാതി പറഞ്ഞു. തുടര്‍ന്ന് ഫോണിലേക്ക് വിളിച്ച്‌ നോക്കാന്‍ ഉടമ ആവശ്യട്ടു. സ്റ്റേഷനില്‍ വച്ചിരുന്ന ഫോണ്‍ എടുത്ത പൊലീസുകാരന്‍ സംസാരിച്ചപ്പോഴാണ് ഉടമ തുഫൈല്‍ രാജ ആണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒരു മാസം മുന്‍പാണ് തുഫൈല്‍ രാജ ഹോട്ടലില്‍ ജോലിക്കെത്തിയതെന്നും പിരിച്ച്‌ വിട്ടതായും ഹോട്ടലുടമ പറഞ്ഞു.

Facebook Comments Box