Sat. May 4th, 2024

സെക്രട്ടറിയേറ്റ് അഴിച്ചുപണി; സി.പി.എമ്മിന്‍റെ ലക്ഷ്യം സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തല്‍

By admin Mar 5, 2022 #cpim state conference
Keralanewz.com

സെക്രട്ടറിയേറ്റിന്‍റെ അഴിച്ചുപണിയിലൂടെ സി.പി. എം ലക്ഷ്യമിടുന്നത് സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തല്‍.

സര്‍ക്കാരിന് മേല്‍ പാര്‍ട്ടിക്ക് നിയന്ത്രണമില്ലെന്ന വിമര്‍ശനം ഇതിലൂടെ മറികടക്കാനാകുമെന്നാണ് വിലയിരുത്തല്‍. യുവ പ്രാതിനിധ്യം വര്‍ധിപ്പിച്ചതിലൂടെ സെക്രട്ടറിയേറ്റിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

2006 ല്‍ വിഎസ് സര്‍ക്കാരിന്‍റെ കാലത്തും 2016ല്‍ പിണറായി സര്‍ക്കാരിന്‍റെ കാലത്തും 6 ല്‍ കുറയാത്ത മന്ത്രിമാര്‍ സി.പി.എം സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്‍റെ ദൈനംദിന പ്രവര്‍ത്തികളില്‍ ഇടപെടാനോ മേല്‍നോട്ടം വഹിക്കാനോ ഇതിലൂടെ പാര്‍ട്ടിക്ക് കഴിഞ്ഞു. എന്നാല്‍ 2021ല്‍ വന്ന രണ്ടാം പിണറായി സര്‍ക്കാറില്‍ മുഖ്യമന്ത്രിയെ കൂടാതെ രണ്ടു പേര്‍ മാത്രമാണ് സി.പി.എം സെക്രട്ടറിയേറ്റില്‍ നിന്ന് മന്ത്രിമാരായി ഉണ്ടായിരുന്നത്. സര്‍ക്കാര്‍ വിവാദത്തില്‍ പെട്ടപ്പോഴൊക്കെ പാര്‍ട്ടിക്ക് നിയന്ത്രണമില്ലെന്ന പഴിയും കേള്‍ക്കേണ്ടി വന്നു. എറണാകുളം സമ്മേളനത്തില്‍ മൂന്ന് മന്ത്രിമാരെക്കൂടി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതോടെ പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സി. പി.എം നേതൃത്വം.

കൂടുതല്‍ മന്ത്രിമാരെ സെക്രട്ടറിയേറ്റിലെടുത്താല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് സമയം കിട്ടില്ലെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു.ഇത് പരിഹരിക്കാനുള്ള ശ്രമവും പുനസംഘടനയില്‍ കാണാം.ബേബി ജോണ്‍, എളമരം കരിം, എം.വി ഗോവിന്ദന്‍ എന്നിവരെ ഒഴിവാക്കി പകരം മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായി എം.സ്വരാജ്, പി.കെ ബിജു, പുത്തലത്ത് ദിനേശന്‍ എന്നിവരെ സെക്രട്ടറിയേറ്റിലെടുത്തു. ഒഴിവാക്കിയ മൂന്ന് പേരില്‍ എളമരവും എം.വി ഗോവിന്ദനും കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ എന്ന നിലയില്‍ സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനും കഴിയും.

Facebook Comments Box

By admin

Related Post