Kerala News

കൂടിക്കാഴ്ചയില്‍ മഞ്ഞുരുകി: പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ സുധാകരനും സതീശനും

Keralanewz.com

തിരുവനന്തപുരം: പുനഃസംഘനയെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്ത തര്‍ക്കത്തിന് പരിഹാരം. കെ.പി.സി.സി പ്രസിഡന്‍റ് കെ.

സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തലസ്ഥാനത്ത് നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്. സമവായത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും അന്തിമപട്ടിക ഉടന്‍ തയാറാക്കുമെങ്കിലും ഏഴിന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ചിനു ശേഷം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പ്രഖ്യാപനം.

മാധ്യമശ്രദ്ധ ഒഴിവാക്കി പ്രമുഖ നക്ഷത്രഹോട്ടലില്‍ ഉച്ചക്കുശേഷം ആരംഭിച്ച സുധാകരന്‍-സതീശന്‍ കൂടിക്കാഴ്ച ഏഴുമണിവരെ നീണ്ടു. ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അകല്‍ച്ചയുടെ സാഹചര്യം ഇരുവരും പങ്കുവെച്ചു. പാര്‍ട്ടിയെ ശക്തമായി ചലിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഭാരവാഹി പട്ടിക മികവുറ്റതാകണമെന്ന കാര്യത്തില്‍ ഇരുവരും യോജിച്ചു. കെ.പി.സി.സി തയാറാക്കിയ അന്തിമ കരട് പട്ടികയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. ഏതെങ്കിലും നേതാവിന്‍റെ താല്‍പര്യം സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആരുടെയും പേര് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ബന്ധം തന്‍റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും എം.പിമാര്‍ ഉള്‍പ്പെടെ ഉന്നയിച്ച പരാതികള്‍ പരിശോധിച്ച്‌ പരിഹരിക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും സതീശനും പറഞ്ഞു.

പാര്‍ട്ടിയുടെയും മുന്നണിയുടെയും കെട്ടുറപ്പ് നിലനിര്‍ത്താന്‍ നേതൃത്വത്തില്‍ പഴയപടി ഐക്യം വേണമെന്ന കാര്യത്തില്‍ ഇരുവരും യോജിച്ചു. പുനഃസംഘടന ഹൈകമാന്‍ഡ് തടഞ്ഞിട്ടില്ലെന്നും പരാതികള്‍ പരിഹരിക്കണമെന്ന് മാത്രമാണ് നിര്‍ദേശിച്ചതെന്നും ചൂണ്ടിക്കാട്ടിയ സതീശന്‍ അതിനെ പലവിധം വ്യാഖ്യാനിക്കപ്പെട്ടതിലെ അതൃപ്തി തുറന്നുപറഞ്ഞു. എന്നാല്‍, പുനഃസംഘടനയുടെ കാര്യത്തില്‍ തന്നോട് പരാതി പറയാതെ ചിലര്‍ അവസാന നിമിഷം ഹൈകമാന്‍ഡിനെ സമീപിച്ചതിലെ അസന്തുഷ്ടി സുധാകരനും ചൂണ്ടിക്കാട്ടി. എല്ലാവരുമായും കൂടിയാലോചിച്ചാണ് അന്തിമ കരട് പട്ടികക്ക് രൂപം നല്‍കിയത്. എന്നാല്‍, ഭാരവാഹികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതിനാല്‍ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ല. അത്യാവശ്യം മാറ്റങ്ങള്‍ നിര്‍ദേശിച്ചാല്‍ സ്വീകരിക്കാം.

ഭാരവാഹികളുടെ എണ്ണത്തിലും നേരിയ വര്‍ധനയാകാം. മാസങ്ങള്‍ നീണ്ട അധ്വാനത്തിനുശേഷമാണ് കരട് പട്ടിക തയാറാക്കിയത്. അതിനാല്‍ ഭാരവാഹി പ്രഖ്യാപനമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ഈ നിര്‍ദേശങ്ങളോട് സതീശന്‍ പൂര്‍ണമായും യോജിച്ചു. തുടര്‍ന്നാണ് പരസ്പരം സഹകരിച്ച്‌ മുന്നോട്ടുപോകാന്‍ ധാരണയായത്. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും ജില്ല തിരിച്ചുള്ള കരട് പട്ടികയാണ് സുധാകരനും സതീശനും ചേര്‍ന്ന് പരിശോധിച്ച്‌ അന്തിമമാക്കുന്നത്. ഇതനുസരിച്ച്‌ കെ.പി.സി.സി തയാറാക്കിയ പട്ടികയില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മൂന്ന് ജില്ലകളുടെ കാര്യത്തില്‍ ഇരുവരും ഏകദേശം ധാരണയിലെത്തിയതായി അറിയുന്നു. ശേഷിക്കുന്ന ജില്ലകളുടെ കാര്യത്തില്‍ ഉടന്‍ ധാരണയുണ്ടാക്കും. തുടര്‍ന്ന്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചായിരിക്കും പ്രഖ്യാപനം.

Facebook Comments Box