മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ബൈക്ക് റാലി സംഘം കയറി, സുരക്ഷാ വീഴ്ചയില്‍ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് ബൈക്ക് റാലി നടത്തിയ സംഘം കയറിയത് വന്‍ സുരക്ഷാവീഴ്ചയെന്ന് വിലയിരുത്തല്‍. ഞായറാഴ്ച രാവിലെ 11ന് എ.കെ.ജി സെന്റര്‍- ജനറല്‍ ഹോസ്പിറ്റല്‍ റോഡിലായിരുന്നു സംഭവം. പൊലീസിന് വീഴ്ചയുണ്ടായെന്ന നിഗമനത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു.
രാവിലെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് വഴിയൊരുക്കുന്നതിനിടെയാണ് പത്ത് ബൈക്കുകളിലായി ചുവന്ന കൊടി പിടിച്ച സംഘം കടന്നുവന്നത്. നഗരത്തില്‍ പുതുതായി ആരംഭിക്കുന്ന ഹോട്ടലിന്റെ പരസ്യ പ്രചാരണവുമായി ബന്ധപ്പെട്ടായിരുന്നു റാലി നടന്നത്. പാര്‍ട്ടിക്കാരാണെന്ന ധാരണയില്‍ പൊലീസ് അവരെ പോകാന്‍ അനുവദിച്ചു. എന്നാല്‍ അല്പ സമയത്തിനകം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിച്ചേര്‍ന്നു. ഇതോടെ ബൈക്കിലെത്തിയ സംഘം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിലായി. സുരക്ഷാ വീഴ്ച്ചയുണ്ടായതായി ബോദ്ധ്യമായതിനെ തുടര്‍ന്ന് ബൈക്ക് യാത്രികരെ എം.എല്‍.എ ഹോസ്റ്റലിന് സമീപം ജീപ്പ് കൊണ്ട് തടഞ്ഞ് നിയന്ത്രിക്കുകയായിരുന്നു .