10 വീടുകളുടെ ചുമതല ഒരു പാർട്ടിയംഗത്തിന്; ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി സി.പി.എം
കണ്ണൂർ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ ഒരുക്കങ്ങൾ നേരത്തേയാരംഭിച്ച് സി.പി.എം. സംസ്ഥാനത്തെ 20 ലോക്‌സഭാമണ്ഡലങ്ങളെ അടിസ്ഥാനപ്പെടുത്തി പാർട്ടി കമ്മിറ്റികൾ രൂപവത്‌കരിച്ചു. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കിയുള്ള കമ്മിറ്റികളുടെ രൂപവത്‌കരണം നടക്കുന്നു. പഞ്ചായത്ത്-വാർഡ്-ബൂത്ത് അടിസ്ഥാനത്തിലുള്ള കമ്മിറ്റികൾ തുടർന്ന് നിലവിൽവരും. 10 വീടുകളുടെ ചുമതല ഒരു പാർട്ടിയംഗത്തിന് നൽകിയായിരിക്കും ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം.
സംസ്ഥാന കമ്മിറ്റിയംഗങ്ങളാണ് ലോക്‌സഭാ മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറിമാർ. വടകര ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി എ.എൻ. ഷംസീറിനെയാണ് നിശ്ചയിച്ചതെങ്കിലും അദ്ദേഹത്തെ നിയമസഭാ സ്പീക്കറായി തീരുമാനിച്ചതിനാൽ വേറൊരാൾക്ക് ചുമതല നൽകും.
ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന ജില്ലാ കമ്മിറ്റിയംഗങ്ങൾ അടങ്ങുന്നതായിരിക്കും പാർട്ടി ലോക്‌സഭാ മണ്ഡലം കമ്മിറ്റി. നിയമസഭാ മണ്ഡലം പാർട്ടി കമ്മിറ്റിയിൽ ആ പരിധിയിൽ വരുന്ന ജില്ലാ-ഏരിയാ കമ്മിറ്റികൾ അംഗങ്ങൾ ഉൾപ്പെടും.
പാർട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റികൾ നിലവിൽവന്നുകഴിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തനം. സംഘടനാപ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ അതത് കമ്മിറ്റികൾ ചേരൂ