കാനത്തിനു മൂന്നാം ഊഴം; വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ എതിരില്ലാതെ തിരഞ്ഞെടുത്തു. സിപിഐ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിലാണ് കാനത്തെ ഏകകണ്ഠമായി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സമ്മേളനത്തില്‍ കാനം പക്ഷത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്
സമ്മേളനത്തിനു മുമ്പ് മത്സരമുണ്ടാകുമെന്ന് കാനം വിരുദ്ധ ചേരിയിലെ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. കോട്ടയം, മലപ്പുറം സമ്മേളനങ്ങളാണ് ഇതിനുമുമ്പ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കെ ഇ ഇസ്മയിലും സി ദിവാകരനും ഇല്ല.
പ്രായപരിധി കടന്നതിനാലാണ് സി.ദിവാകരന് പിന്നാലെ കെ.ഇ.ഇസ്മായിലും സംസ്ഥാന കൗണ്‍സിലില്‍നിന്നു പുറത്തായത്. പീരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. ഇ.എസ്.ബിജിമോളെയും സംസ്ഥാന കൗണ്‍സിലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.എന്‍.ഇ. ബലറാം, പി.കെ വാസുദേവന്‍ നായര്‍ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 101 അംഗ സംസ്ഥാന കൗണ്‍സിലിനേയും തിരഞ്ഞെടുത്തു
14 ജില്ലകളില്‍ എട്ട് ജില്ലകള്‍ കാനം രാജേന്ദ്രന് ഒപ്പം നില്‍ക്കുകയും നാല് ജില്ലകള്‍ ഭാഗികമായി അദ്ദേഹത്തിനൊപ്പമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മറ്റൊരാള്‍ മത്സരിച്ചാല്‍ വിജയിക്കില്ല എന്ന സാധ്യത ഉയര്‍ന്നിരുന്നു. കൂടാതെ ദേശീയ നേതൃത്വം ഇടപെട്ട് മത്സരത്തിനുള്ള സാധ്യത ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു