Thu. Apr 25th, 2024

അന്ന് വെക്കാന്‍ പറ്റിയില്ല, സോറി, “1990- 91 വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ സമ്ബൂര്‍ണ വിജയം നേടിയ ഷിബു കാക്കനാടിന് നാട്ടകം പൗരാവലിയുടെ അഭിനന്ദനങ്ങള്‍” സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫ്ലക്സ് ബോര്‍ഡിന്റെ പിന്നിലെ കഥ ഇതാണ്

By admin Jul 18, 2021 #news
Keralanewz.com

കോമഡിയാണോ എന്നു ചോദിച്ചാല്‍ ആണെന്നു തോന്നും ,അതല്ല, കാര്യമായിട്ടാണോ എന്നു ചോദിച്ചാല്‍ അതിനും ഉത്തരം ആണെന്നു തന്നെ.നാട്ടകത്തിന് അടുത്ത് കാക്കൂര്‍ ജംക്‌ഷനില്‍ ഷിബു കാക്കനാട് വച്ച
ഫ്ലെക്സ് ബോര്‍ഡ് ഇപ്പോള്‍ നാട്ടിലെങ്ങും പാട്ടാണ്. ‘1990 -91 വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷയില്‍ സമ്ബൂര്‍ണ വിജയം നേടിയ ഷിബു കാക്കനാടിന് നാട്ടകം പൗരാവലിയുടെ അഭിനന്ദനങ്ങള്‍’ എന്നൊരു ബോര്‍ഡും അതില്‍ ഷിബുവിന്റെ പടവുമാണ് കാക്കൂര്‍ ജംക്‌ഷനില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.അന്നു വയ്ക്കാന്‍ പറ്റിയില്ല, സോറി എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട് ! ഫ്ലക്സിലെ ഫോട്ടോയില്‍ ഷിബുവിനെ കാണുന്നത് ഷര്‍ട്ട് ഇടാതെയാണ്. ബോര്‍ഡ് ‌കണ്ടവര്‍ ആദ്യം കരുതി ആരെങ്കിലും ഷിബുവിനെ
പരിഹസിക്കാന്‍ വേണ്ടി വച്ചതാവും എന്ന്. പിന്നെയാണറിഞ്ഞത് വച്ചത് ഷിബു തന്നെയെന്ന്.

ഫ്ലക്സ് ബോര്‍ഡ് തരംഗമായതോടെ ആരാണ് ഷിബു കാക്കനാട് എന്ന ചോദ്യമുയര്‍ന്നു. ഒടുവില്‍ ഷിബു തന്നെ രംഗത്തുവന്ന് ഫ്ലക്സിന് പിന്നിലെ കഥ പറയുകയാണ്. കോട്ടയം നഗരത്തില്‍ ഓട്ടോ ഡ്രൈവറായിരുന്നു ഷിബു. ഒരു വര്‍ഷം മുന്‍പ് ലോക്ക്ഡൗണ്‍ വന്നതോടെ ഓട്ടോറിക്ഷ ഓടിച്ച്‌ വരുമാനം കിട്ടാതായി . ഇതോടെ കുടുംബം മൊത്തം പട്ടിണിയിലാകുമെന്ന സാഹചര്യം വന്നു.

ഒട്ടും വൈകാതെ ജീവിക്കാന്‍ പുതിയ വഴി തേടി ഷിബു കാക്കനാട്. പുതിയ ജീവിത മാര്‍ഗം തേടിയ ഷിബു മീന്‍ കച്ചവടം നടത്തിയാണ് ഇപ്പോള്‍ ജീവിക്കുന്നത്. ജീവിതത്തിനപ്പുറം ഫ്ലക്സിനെ കുറിച്ച്‌ ഷിബു പറയുന്ന കഥ ഇതാണ്. എസ്‌എസ്‌എല്‍സി പരീക്ഷാഫലം സര്‍ക്കാര്‍ പുറത്തുവിട്ടതോടെ നാട്ടിലാകെ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

മുഴുവന്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളുടെ ഫ്ലക്സ് ബോര്‍ഡുകള്‍ ആണ് കൂടുതലും. അതിലും കുറവുള്ളവരുടെയും പലതും ഉയര്‍ന്നു വരുന്നുണ്ട്. പക്ഷേ ഫ്ലക്സ് ബോര്‍ഡുകളില്‍ പലതിലും ജാതി നിഴലിച്ചു നില്‍ക്കുന്നുണ്ടെന്ന് ഷിബു ചൂണ്ടിക്കാട്ടുന്നു.

എന്‍എസ്‌എസും എസ്‌എന്‍ഡിപിയും ക്രൈസ്തവ സംഘടനകളും മുസ്ലിം സംഘടനകളും ഒക്കെ പല വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച്‌ ഫ്ലക്സ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. ഇതാണ് തന്നെ ഇരുത്തി ചിന്തിപ്പിച്ചതെന്ന് ഷിബു പറയുന്നു. ഒരു സാമൂഹിക വിമര്‍ശനം എന്ന നിലയിലാണ് താന്‍ പഴയ എസ്‌എസ്‌എല്‍സി വിജയം ഇപ്പോള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത് എന്നാണ് ഷിബു പറയുന്നത്.

ഫ്ളക്സിന് വേണ്ടി പണം മുടക്കിയതും അത് സ്ഥാപിച്ചതും താന്‍ തന്നെയാണെന്നും ഷിബു വെളിപ്പെടുത്തി. നാട്ടകം പൗരാവലി എന്ന പേര് ചേര്‍ത്തിട്ടുണ്ട് എങ്കിലും ആ പൗരാവലി താന്‍ തന്നെയാണെന്നാണ് ഷിബു പറയുന്നത്. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ആദ്യതവണ വിജയിക്കാനായില്ല, രണ്ടാംതവണയും വിജയിച്ചില്ല, മൂന്നാം തവണ ഫസ്റ്റ് ക്ലാസിന് 3 മാര്‍ക്ക് കുറവായിരുന്നു എന്നാണ് ഷിബു പറയുന്നത്. ഷിബുവിന്റെ ട്രോളുകള്‍ സോഷ്യല്‍ മീഡിയക്ക് പിന്നാലെ നാട്ടിലാകെ ചര്‍ച്ചയാണ്. ഇത്രയും വൈറല്‍ ആകും എന്ന് ഓര്‍ത്തില്ല എന്നാണ് ഷിബു പറയുന്നത്.

Facebook Comments Box

By admin

Related Post