Tue. May 14th, 2024

കര്‍ണാടകയിലെ പദ്ധതികള്‍ രാജ്യമെങ്ങും വ്യാപിപ്പിക്കും -രാഹുല്‍

By admin Aug 31, 2023
Keralanewz.com

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത് നടപ്പാക്കിയ അഞ്ചിന സാമൂഹിക സുരക്ഷപദ്ധതികള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി.

വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ മൈസൂരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാറില്ല. വിലക്കയറ്റം താങ്ങാനാവുന്നില്ലെന്ന് ഭാരത് ജോഡോ യാത്രക്കിടെ സ്ത്രീകള്‍ എന്നോട് പറഞ്ഞിരുന്നു. പദ്ധതികളില്‍ നാലെണ്ണവും വനിതകള്‍ക്കുള്ളതാണ്. അതിനു പിന്നില്‍ കൃത്യമായ പദ്ധതിയുണ്ട്. കര്‍ണാടകയില്‍ നടപ്പാക്കിയ സാമൂഹിക സുരക്ഷപദ്ധതികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള ബ്ലൂപ്രിന്റാണ്. ഇത് രാജ്യം മുഴുവൻ നടപ്പാക്കും. കര്‍ണാടക മറ്റു സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടുകയാണെന്നും രാഹുല്‍ പറഞ്ഞു.

അന്ത്യോദയ, ബി.പി.എല്‍, എ.പി.എല്‍ കാര്‍ഡുകളില്‍ ഗൃഹനായികയായി രേഖപ്പെടുത്തിയ വനിതകള്‍ക്കാണ് ഗൃഹലക്ഷ്മി പദ്ധതിയില്‍ തുക ലഭിക്കുക. എന്നാല്‍, നികുതിയടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരികളും ഭര്‍ത്താവ് ആദായനികുതിയോ ജി.എസ്.ടിയോ അടക്കുന്ന കുടുംബത്തിലെ ഗൃഹനായികമാര്‍ക്കും പദ്ധതിയില്‍ ചേരാനാവില്ല. 1.1 കോടി വനിതകള്‍ ഗുണഭോക്താക്കളായുള്ള ഗൃഹലക്ഷ്മി പദ്ധതിക്കായി ഈ സാമ്ബത്തിക വര്‍ഷം 17,500 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. ഗൃഹലക്ഷ്മിക്ക് പുറമെ, എല്ലാ നോണ്‍ എ.സി സര്‍ക്കാര്‍ ബസുകളിലും വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി’, എല്ലാ വീട്ടുകാര്‍ക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ‘ഗൃഹജ്യോതി’,ബി.പി.എല്‍, അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 10 കിലോ അരി നല്‍കുന്ന ‘അന്നഭാഗ്യ’, തൊഴില്‍രഹിതരായ ബിരുദക്കാര്‍ക്ക് പ്രതിമാസ ധനസഹായം എന്നീ ക്ഷേമപദ്ധതികളാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചത്.

Facebook Comments Box

By admin

Related Post