പുതുപ്പള്ളിയിൽ യു ഡി എഫ് ലീഡ് പ്രതീക്ഷ 20000. ജയിക്കിന് പ്രതീക്ഷ 2000.
പുതുപ്പള്ളി : മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗിൽ രണ്ടു ശതമാനം കുറവ് വന്നതിൽ ഇരു മുന്നണികളും ആശങ്കയിൽ. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഇരുമുന്നണികളും കണക്കുകൾ കൂട്ടിയും കിഴിച്ചും തങ്ങളുടെ ഭൂരിപക്ഷം എത്രയാകുമെന്നതിന്റെ ആലോചനയിലാണ് .നിയോജക മണ്ഡലത്തിലെ മണർകാട്, പാമ്പാടി,അയർക്കുന്നം കൂരോപ്പട പഞ്ചായത്തുകളിൽ എൽ ഡി എഫ് ലീഡ് കണക്കുകൂട്ടുന്നു. എന്നാൽ മണർകാട് ഒഴികെയുള്ള പഞ്ചായത്തുകളിൽ യു ഡി എഫ് ലീഡ് ചെയ്യുമെന്നാണ് യു ഡി എഫിന്റെ ഒരു പ്രധാന ഭാരവാഹി കേരള ന്യൂസിനോട് പറഞ്ഞത്.എങ്കിലും തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്ന ലീഡ് കിട്ടില്ലെന്നും അദ്ദേഹം കണക്കു കൂട്ടുന്നു.അകലക്കുന്നം, അയർക്കുന്നം,കൂരോപ്പട,വാകത്താനം പഞ്ചായത്തുകൾ കേരള കോൺഗ്രസ് എം ന്റെ ശക്തികേന്ദ്രങ്ങളാണെങ്കിൽകൂടിയും സി പി എം ന് ചില മേഖലകളിൽ കാര്യമായ സ്വാധീനമില്ലാത്തതിനാൽ ഈ പഞ്ചായത്തുകളിൽ എൽ ഡി എഫ് വലിയ ലീഡ് പ്രതീക്ഷിക്കുന്നില്ല. എങ്കിലും കഴിഞ്ഞ പ്രാവശ്യത്തെ യു ഡി എഫ് ലീഡ് കുറക്കുവാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.പുതുപ്പള്ളിയിൽ ഇലക്ഷന് തൊട്ടു മുൻപ് വരെ യു ഡി എഫിന് വേണ്ടി പന്തയം കെട്ടുവാൻ ധാരാളം പേർ രംഗത്തുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പന്തയം കെട്ടുവാൻ ആരും രംഗത്തില്ല എന്നതും ശ്രദ്ധേയമാണ്. യു ഡി എഫ് സാധാരണയായി ഇലക്ഷന് ചെയ്യാറുള്ള പ്രചരണമാണ് നടത്തിയിരുന്നത് എങ്കിൽ ഇടതുമുന്നണിയുടെ ഇലക്ഷൻ പ്രചാരണം കാടടച്ച് വെടി വയ്ക്കുന്ന രീതിയിൽ ആയിരുന്നില്ല.എന്നാൽ 6 പഞ്ചായത്തുകളിൽ മുഖ്യമന്ത്രി നേരിട്ടത്തിയത് ഇടത് മുന്നണി പ്രവർത്തകർക്ക് ആവേശമായി. ഇന്ത്യ സഖ്യത്തിൽ വിള്ളലേൽക്കേണ്ട എന്നതിനാലായിരിക്കാംകെ പി സി സി ആവശ്യപ്പെട്ടിട്ടും രാഹുൽ ഗാന്ധി പ്രചാരണത്തിനെത്താഞ്ഞത്.റബ്ബർ മേഖലയായ ചില പഞ്ചായത്തുകളിൽ വില തകർച്ച മൂലം കർഷകർ നെട്ടോട്ടമോടുമ്പോൾ,കർഷക രോഷം വോട്ടായി മാറിയിട്ടുണ്ട് എന്നാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്.എന്നാൽ റബർ വില തകർച്ചയുടെ ഉത്തരവാദിത്വം കോൺഗ്രസിനാണെന്നും ചില ടയർ കമ്പനികളുടെ നിലപാടാണ് റബർ കർഷകരെ പാപ്പരാക്കിയതെന്നതും തങ്ങൾക്കനുകൂലമാകുമെന്ന് ഇടത് മുന്നണിയും കണക്കുകൂട്ടുന്നു. ബിജെപിക്ക് വിജയ പ്രതീക്ഷ കുറവാണെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്.ബി ജെ പി യെക്കാൾ കൂടുതൽ വോട്ട് തങ്ങൾ പിടിക്കുമെന്ന് ആപ്പിന്റെ നേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്.ഏതായാലും കൂട്ടിയും കിഴിച്ചും രണ്ടു രാത്രി കൂടി തള്ളി നീക്കുവാനുള്ള ശ്രമത്തിലാണ് സാധാരണ പ്രവർത്തകർ.