Kerala NewsPoliticsReligion

കൃപാസനത്തിലെ ഉടമ്പടി തുണച്ചു; ബി.ജെ.പിയില്‍ ചേര്‍ന്ന മകനെ ഭര്‍ത്താവ് സൗമ്യമായി സ്വീകരിച്ചു , മനസ്സ് കൊണ്ട് ഭർത്താവും ബി ജെ പി ,എലിസബത്ത് ആന്‍റണി .

Keralanewz.com

തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തെ ന്യായീകരിച്ച്‌ അമ്മ എലിസബത്ത് ആന്റണി. കൃപാസനത്തിലെ ഉടമ്പടി തുണച്ചെന്നും അതിലൂടെ ബി.ജെ.പിയില്‍ ചേര്‍ന്ന മകനെ ഭര്‍ത്താവ് ആന്റണി സൗമ്യമായി സ്വീകരിച്ചെന്നും അവര്‍ പറഞ്ഞു. മകന് ബി ജെ പി യിൽ ചേരാൻ തോന്നിയത് കൃപാസനം മാതാവിന്റെ പ്രത്യേക അനുഗ്രഹം കൊണ്ടാണെന്നും അവർ കൂട്ടി ചേർത്തു.

കോൺഗ്രസിൽ തന്റെ മകന്റെ ഭാവി ശോഭന മല്ലെന്ന് തിരിച്ചറിഞ്ഞ ആന്റണിക്ക് മകനോട് വൈരാഗ്യമില്ല. ഉടമ്പടിയെടുത്ത് പരിശുദ്ധ മാതാവിന്റെ മുന്നില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷമാണ് ബി.ബി.സി വിവാദം വന്നു മകന് ബി.ജെ.പിയിലേക്കുള്ള അവസരം ലഭിക്കുന്നതും ഭര്‍ത്താവിനു രോഗസൗഖ്യവും രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവുമെല്ലാം ഉണ്ടായതെന്നും എലിസബത്ത് പറഞ്ഞു.

ഫാദര്‍ വി.പി ജോസഫിന്റെ കൃപാസനം യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അനുഭവസാക്ഷ്യം എന്ന പേരില്‍ എലിസബത്തിന്റെ തുറന്നുപറച്ചില്‍. ഉടമ്പടിയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും താൻ മുന്നോട്ടുവച്ച രണ്ടു നിയോഗങ്ങള്‍ പൂര്‍ത്തീകരിച്ചെന്നാണ് അവര്‍ പറയുന്നത്. അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനവും എ.കെ ആന്റണിയുടെ സൗഖ്യത്തിനും രാഷ്ട്രീയത്തിലെ തിരിച്ചുവരവിനുമായുള്ള അപേക്ഷയുമായിരുന്നു വച്ചത്. ഇതെല്ലാം ഫലിച്ചെന്നും കൃപാസനത്തില്‍ പോയി ജോസഫ് അച്ചന് കുറിപ്പ് കൊടുത്ത് മാതാവിനു മുന്നില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ബി.ജെ.പിയോടുണ്ടായിരുന്ന അറപ്പ് മാറിയെന്നും അവര്‍ പറയുന്നുണ്ട്.

2022ല്‍ സഹോദരൻ മുഖേനയാണ് കൃപാസനത്തിലെ ഉടമ്പടിയെ കുറിച്ച്‌ അറിയുന്നത്. അന്നു താനും ഭര്‍ത്താവും കോവിഡ് ബാധിച്ച്‌ വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു. സഹോദരനും സഹോദരിമാരും ഉടമ്പടിയെടുത്ത് നെറ്റിയില്‍ തൈലം തേച്ച്‌ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. അതിശയകരമാംവിധം ഒരു പാര്‍ശ്വഫലങ്ങളുമില്ലാതെ എല്ലാം ഭേദമായി. ഭര്‍ത്താവിന് ഒരുപാട് സങ്കീര്‍ണതകളുണ്ടായിരുന്നു. പ്രാര്‍ത്ഥനയിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. ഭര്‍ത്താവ് അവിശ്വാസിയാണ്. പ്രാര്‍ത്ഥിക്കുമ്പോൾ എല്‍സി പ്രാര്‍ത്ഥിച്ചോ എന്നാണു പറയാറുണ്ടായിരുന്നതെന്നും അവര്‍ പറഞ്ഞു.

അദ്ദേഹം എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ടു രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ അവസ്ഥ എനിക്കും മക്കള്‍ക്കും സഹിക്കാൻ പറ്റില്ലായിരുന്നു. അങ്ങനെ ഞാൻ പ്രാര്‍ത്ഥിച്ചു. എന്തായാലും കഴിഞ്ഞ 15-ാം തിയതി അത്ഭുതകരമാംവിധം അദ്ദേഹം വീണ്ടും പ്രവര്‍ത്തകസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ആത്മവിശ്വാസം തിരിച്ചുവരികയും തനിയെ യാത്ര ചെയ്ത് ഹൈദരാബാദിലെ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കുകയും ചെയ്തു. അതിന് അമ്മയോട് ഒരുപാട് നന്ദിയുണ്ട്-എലിസബത്ത് വിവരിച്ചു.

”രാഷ്ട്രീയത്തില്‍ ചേരണമെന്ന് മൂത്ത മകന്റെ വലിയ ആഗ്രഹമായിരുന്നു. ചിന്തൻ ശിബിരില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അതുകൊണ്ട് രണ്ടു മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാൻ പറ്റില്ലെന്ന തടസമായിരുന്നു. ഭര്‍ത്താവ് ആണെങ്കില്‍ മക്കള്‍ക്കു വേണ്ടി അക്കാര്യത്തില്‍ ഒന്നും ചെയ്യുകയുമില്ല.

അങ്ങനെയിരിക്കുമ്ബോഴാണ് അമ്മയുടെ അടുത്ത് ഒരു നിയോഗംവച്ചത്. നമ്മള്‍ ആരും പ്രതീക്ഷിക്കാത്ത രീതിയിലാണു കാര്യങ്ങള്‍ പോയത്. പെട്ടെന്ന് ബി.ബി.സി വിവാദം വരികയും അത് ഭയങ്കരമായി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശ്‌നവുമായി. എല്ലാം കൈവിട്ടുപോയോ എന്നു മാതാവിനോട് ചോദിച്ചു. അമ്മയ്ക്കു മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയൂവെന്നു പറയുകയും ചെയ്തു. മകന്റെ വലിയ സ്വപ്‌നമാണു രാഷ്ട്രീയത്തില്‍ പ്രവേശിക്കുക എന്നത്. മകന് 39 വയസായെന്നും അവന്റെ ആഗ്രഹം സാധിക്കുന്നില്ലെന്നുമെല്ലാം ഞാൻ അമ്മയോട് കരഞ്ഞുപറഞ്ഞു.

അപ്പോഴാണ് അവൻ വിളിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു വിളിച്ചിട്ടുണ്ടെന്നു പറഞ്ഞത്. അവര്‍ ബി.ജെ.പിയില്‍ ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഒരുപാട് അവസരങ്ങളുണ്ടാകുമെന്നു പറയുകയും ചെയ്തു.”

നമ്മള്‍ വിശ്വസിക്കുന്നതും ജീവിച്ചതുമെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ്. ബി.ജെ.പിയിലേക്കു പോകുന്നത് ആലോചിക്കാൻ പോലുമാകുമായിരുന്നില്ല. അങ്ങനെയാണ് അമ്മയോട് ചോദിക്കാനായി ബഹുമാനപ്പെട്ട ജോസഫ് അച്ചന്റെ അടുത്ത് തുണ്ട് കൊടുത്തത്. അമ്മയുടെ കാല്‍ക്കല്‍ തുണ്ട് വച്ച്‌ അച്ചൻ പ്രാര്‍ത്ഥിച്ചു. എന്നിട്ട് അവൻ തിരിച്ചുവരാൻ പ്രാര്‍ത്ഥിക്കേണ്ടെന്ന് അച്ചൻ പറഞ്ഞു. അവന് അവിടെ നല്ലൊരു ഭാവി അമ്മ കാണിച്ചുതരുന്നുണ്ടെന്നും പറഞ്ഞു.

ഉടൻ തന്നെ അമ്മ മനസ് മാറ്റിത്തന്നു. ബി.ജെ.പിയോടുള്ള എല്ലാ അറപ്പും വെറുപ്പും ദേഷ്യവുമെല്ലാം അപ്പോള്‍ തന്നെ മാറ്റി എനിക്ക് വേറൊരു ഹൃദയം തന്നു. അവനെ അംഗീകരിക്കാനുള്ള മനസ് തന്നു. പക്ഷെ, വീട്ടില്‍ കയറിച്ചെന്നു വീട്ടുകാരോട് എന്തു പറയുമെന്ന ഭീതിയായിരുന്നു. ഭര്‍ത്താവിനു വലിയ ഷോക്കാകുമായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ വീട്ടില്‍ പോയി.

നാലു ദിവസം കഴിഞ്ഞപ്പോള്‍ അവൻ ബി.ജെ.പിയില്‍ ചേര്‍ന്ന വിവരം ചാനലിലൂടെ അറിഞ്ഞു. ഭര്‍ത്താവിന് അതു വലിയ ഷോക്കായി. അമ്മ എന്റെ വീട്ടിലെ ക്രമസമാധാനനില കൂടി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളരെ സൗമ്യതയോടെയാണ് അദ്ദേഹം ആ സാഹചര്യം തരണം ചെയ്തത്. മകൻ വീട്ടിലേക്കു വരുമ്ബോള്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമോ എന്ന് ഓര്‍ത്ത് വലിയ ഭയമായിരുന്നു. എന്നാല്‍, അമ്മ എല്ലാവരുടെയും മനസ് തണുപ്പിച്ച്‌ സൗമ്യമായി സംസാരിക്കാനുള്ള അവസരം വീട്ടിലുണ്ടാക്കി.

വേറൊരു രാഷ്ട്രീയത്തില്‍ ചേര്‍ന്ന ശേഷം വീട്ടില്‍ വന്നപ്പോള്‍ എല്ലാ കാര്യങ്ങളും സൗമ്യമായി കഴിഞ്ഞു. വീട്ടില്‍ വരുന്നതിനോട് ഒരു എതിര്‍പ്പുമില്ലെന്നും പക്ഷെ രാഷ്ട്രീയം മാത്രം വീട്ടില്‍ സംസാരിക്കാൻ പാടില്ലെന്നും ഭര്‍ത്താവ് മകനോട് പറഞ്ഞു. അവനോട് ഒരു വൈരാഗ്യവും വിരോധവുമില്ലാത്ത രീതിയില്‍ എല്ലാവരും പെരുമാറുന്നുണ്ട്. വീട്ടില്‍ ഒറ്റപ്പെടുത്തിയിട്ടുമില്ല. അവൻ ഇപ്പോള്‍ സന്തോഷത്തിലാണെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

ഉടമ്പടിയിലൂടെ തന്റെ മകന്റെ വഴി കാണിച്ചു കൊടുത്ത കൃപാസനം മാതാവ് ആന്റണിക്കും മകൻ തെരഞ്ഞെടുത്തതു പോലെ , ഒരു നല്ല വഴി തെരഞ്ഞെടുക്കാൻ അനുഗ്രഹം നൽകും എന്ന പ്രതീക്ഷയിലാണ് എലിസബത്ത് ആന്റണി.

Facebook Comments Box