തൊടുപുഴയുടെ വികസനം തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നത് ജോസഫ് വിഭാഗം ;കേരള കോൺഗ്രസ് (എം)
തൊടുപുഴ:തൊടുപുഴയുടെ വികസനവുമായി ബന്ധപ്പെട്ട് പിജെ ജോസഫ് എംഎൽഎ പുലർത്തുന്ന. വികസന വിരുദ്ധ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് എം ഉന്നയിച്ച വസ്തുതകൾ മറച്ചുവയ്ക്കുവാൻ അധര വ്യായാമം നടത്തുന്ന ജോസഫ് വിഭാഗം നേതാക്കൾ മലർന്നു കിടന്ന് തുപ്പുകയാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ ഏഴ് വർഷത്തിലധികമായി എംഎൽഎയുടെ കടുംപിടുത്തവും ദുർവാശിയും കാരണം തൊടുപുഴയ്ക്ക് നഷ്ടപ്പെട്ട വികസനങ്ങൾ നിരവധിയാണ്. ജനപ്രതിനിധിയുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നത് എത്ര ഉയർന്ന നേതാവ് ആണെങ്കിലും ശരിയായ നടപടിയല്ല. തൊടുപുഴയുടെ വികസന പ്രവർത്തനങ്ങളിൽ എംഎൽഎയുടെ പങ്ക് നിയമസഭാ സമ്മേളനങ്ങളിലെ ഹാജർ പരിശോധിച്ചാൽ മതിയാകും. ഇത് പുറത്തു വിട്ടാൽ ജോസഫ് വിഭാഗം നേതാക്കളുടെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ തകരും. ഇതിനായി കേരള കോൺഗ്രസ് എമ്മിനെ നിർബന്ധിക്കരുത്. തൊടുപുഴയിലെ എല്ലാ പഞ്ചായത്തിലും പഞ്ചായത്ത് ഓഫീസ് കൃഷിഭവൻ അംഗൻവാടി, അലോപ്പതി ആയുർവേദ ഹോമിയോ ആശുപത്രികൾ പ്ലസ് ടു സ്കൂളുകൾ എന്നിവ ഉണ്ടെന്ന് വീമ്പ് പറയുന്ന ജോസഫ് വിഭാഗം നേതാക്കൾ മനസ്സിലാക്കേണ്ടത് കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും സർക്കാർ ഈ സൗകര്യം ഏർപ്പെടുത്തി കഴിഞ്ഞു എന്നുള്ളതാണ്. അതിൽ യാതൊരു പുതുമയും ഇല്ല. മന്ത്രി അല്ലെങ്കിൽ തനിക്ക് ഒന്നിനും വയ്യ എന്ന ജോസഫിൻ്റെ നിലപാട്. വികസിത സമൂഹത്തിന് യോജിച്ചതല്ല. തൊടുപുഴയിലെ പുഴയോര ബൈപ്പാസ് കവാടം തുറക്കാത്തത് ജോസഫിന്റെ ഇഷ്ടക്കാരന്റെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടം പൊളിക്കുവാൻ സമ്മതിക്കാത്തത് കൊണ്ടാണ്. പിഡബ്ല്യുഡി നിശ്ചയിച്ച പ്രകാരം കേരള കോൺഗ്രസ് എം ഓഫീസിരിക്കുന്ന ഭാഗം പൊളിച്ചിട്ട് മാസങ്ങളായി. ഇടതുഭാഗത്തെ പൊളിഞ്ഞു വീഴാറായ കെട്ടിടം നിലനിർത്തിയിരിക്കുന്നത് ജോസഫിന്റെ ദുർവാശിക്ക് മറ്റൊരു ഉദാഹരണമാണ്. ജനങ്ങളുടെ മുമ്പിൽ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ് ഈ കുപ്പി കഴുത്ത് ബൈപ്പാസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നു പോലും പാലിക്കുവാൻ പരിശ്രമിക്കാത്ത ജോസഫും കൂട്ടരും വികസന സംബന്ധിച്ച ഗീർവാണം അടിക്കുന്നത് പരിഹാസ്യമായി മാത്രമേ തൊടുപുഴയിലെ പൊതുജനം വിലയിരുത്തുകയുള്ളൂ എന്ന് കേരള കോൺഗ്രസ് എം നേതൃയോഗം പ്രസ്താവിച്ചു. ജോസഫിനു ശേഷം താനാണ് തൊടുപുഴയിൽ മത്സരിക്കുവാൻ ഏറ്റവും യോഗ്യൻ എന്ന് സ്വയം മേനി നടിക്കുന്ന സ്ഥാനാർഥിമോഹികളുടെ കൂടാരമായി ജോസഫ് വിഭാഗം അധപ്പതിച്ചി രിക്കുകയാണ്. ജോസഫിന്റെ പ്രീതിക്ക് പാത്രമാകുവാൻ വേണ്ടി നടത്തുന്ന വൃഥാ പരിശ്രമങ്ങൾ അവസാനിപ്പിച്ച് തൊടുപുഴയുടെ വികസനത്തിനു വേണ്ടി എംഎൽഎക്ക് സൽബുദ്ധി ഉപദേശിച്ചു കൊടുക്കുവാൻ ജോസഫ് വിഭാഗം നേതാക്കൾ തയ്യാറാകണമെന്നും കേരള കോൺഗ്രസ് എം നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറഅധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത് ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്, അപ്പച്ചൻ ഓലിക്കരോട്ട് ,ജോസ് കവിയിൽ ,അഡ്വ പി കെ മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ. കുര്യാച്ചൻ പൊന്നാമറ്റം റോയ്സൺ കുഴിഞ്ഞാലിൽ,അഡ്വ കെവിൻ ജോർജ്, റോയ് പുത്തൻ കളം. ജോസി വേളാച്ചേരി, ജെഫിൻ കൊടുവേലി ജോമി കുന്നപ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.