AgricultureKerala NewsLocal NewsTravel

ഗവൺമെന്റ് ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ കുട്ടനാടിനെ ടൂറിസ്റ്റുകളുടെ പറുദീസ ആക്കാം.

Keralanewz.com

ഗവൺമെന്റ് ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ കുട്ടനാടിനെ ടൂറിസ്റ്റുകളുടെ പറുദീസ ആക്കാം.

ഒരു കാലത്ത് കേരളത്തിന്റെ നെല്ലറ ആയിരുന്നു കുട്ടനാട്. എന്നാൽ കാലം മാറിയതോടെ അതിനൊക്കെ മാറ്റം വന്നു. ഇന്നത്തെ പുതിയ തലമുറയിൽ പെട്ടവർക്ക് കൃഷിയോട് പൊതുവേ താൽപര്യം വളരെ കുറവാണ്. എങ്കിലും പഴയ തലമുറയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ കൃഷിയോട് താൽപര്യം ഉള്ള ഒരു വിഭാഗം ആളുകൾ ഇന്നും കുട്ടനാട്ടിൽ ഉണ്ട്. അവർ ഇപ്പോഴും വളരെ ഊർജ്ജിതമായിട്ട് നെൽകൃഷിയുമായി മുന്നോട്ട് പോകുന്നു. കുട്ടനാട്ടിലെ കൃഷികൾ എപ്പോഴും വളരെ അപകടം പിടിച്ച ഒന്നാണ്. കുട്ടനാട്ടിലെ പാടശേഖരങ്ങൾ എല്ലാം തന്നെ കായലിലെ ജല നിരപ്പിനെക്കാൾ ഏകദേശം ഒന്നര മുതൽ രണ്ടര മീറ്റർ വരെ താഴ്ചയിൽ ആണ് സ്ഥിതിചെയ്യുന്നത്.

കായലിൽ നിന്നും കട്ട എടുത്തു വെച്ച് ബണ്ടു കെട്ടിയാണ് പാടങ്ങൾ സംരക്ഷിക്കുന്നത്. ഈ ബണ്ടുകളുടെ പല ഭാഗത്തും ബലക്ഷയം ഉള്ളതിനാൽ പലപ്പോഴും മട വീഴ്ച ഉണ്ടാകാറുണ്ട്. ബണ്ടു പൊട്ടുന്നതിനെ ആണ് മട വീഴ്ച എന്ന് പറയുന്നത്. മട വീണാൽ വെള്ളം കയറി ചെയ്ത കൃഷി മുഴുവൻ നശിക്കും. മഴക്കാലം ആയാൽ മടവീഴ്ച എന്ന ഒരു വാൾ കൃഷിക്കാരുടെ തല മുകളിൽ ഉണ്ട് .കൊയ്ത്തു കാലം കഴിയുന്നതോടെ ഈ പാടശേഖരങ്ങളിൽ എല്ലാം കായലിൽ നിന്നും വെള്ളം കയറ്റി മുക്കിയിടും. വീണ്ടും അടുത്ത കൃഷി തുടങ്ങേണ്ട സമയമാകുമ്പോൾ പാടത്തെ വെള്ളം മുഴുവൻ വറ്റിക്കും. ഈ ആധുനിക കാലത്തും പല പാടശേഖരങ്ങളിലേയും വെള്ളം വറ്റിക്കുന്നത് പഴയകാലത്ത് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പെട്ടിയും പറയും ഉപയോഗിച്ചാണ്. ഈ പെട്ടിയും പറയും പ്രവർത്തിപ്പിക്കാൻ ഇരുപത്തിനാല് മണിക്കൂറും ഒരാളുടെ സേവനം ആവശ്യമാണ്. ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ വഴി എവിടെ നിന്നു വേണമെങ്കിലും പ്രവർത്തിപ്പിക്കാവുന്ന പമ്പുകൾ ഉള്ളപ്പോൾ ആണ് പല സ്ഥലത്തും ഇപ്പോഴും പഴയ കാലത്തെ പെട്ടിയും പറയും ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നത്. “കുട്ടനാടിനെ എങ്ങനെ ടൂറിസ്റ്റുകളുടെ പറുദീസ ആക്കാം”കൃഷി ആരംഭിച്ച് ഞാറ് നട്ട് ഏതാനം ദിവസങ്ങൾ കഴിഞ്ഞാൽ പിന്നെ പച്ച പട്ട് പുതച്ച പോലെയാണ് ഈ പാടശേഖരങ്ങൾ എല്ലാം. ഇത് കാഴ്ചക്ക് വളരെ മനോഹരമാണ്. നെല്ല് കൊയ്യാറാകുമ്പോഴേക്കും ഇത് സ്വണ്ണപ്പാടങ്ങളായി മാറും. ഈ പാടശേഖരങ്ങളുടെ ബണ്ടുകൾ എല്ലാം ബലപ്പെടുത്തി മനോഹരമാക്കി സഞ്ചാരയോഗ്യമാക്കിയാൽ നിരവധി ആളുകൾ കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഓടി എത്തും. ഈ പാടശേഖരങ്ങളുടെ ചുറ്റിലും തോടുകൾ ഉള്ളതിനാൽ ഹൗസ് ബോട്ടുകളിലും ചെറു വള്ളങ്ങളിലുമായി നിരവധി സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ ഈ സഞ്ചാരികൾക്ക് ഒന്നും ബോട്ടുകളിൽ നിന്നും പുറത്ത് ഇറങ്ങി ബണ്ടുകളിൽ ഇരുന്ന് കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഉള്ള സൗകര്യം ഇല്ല. കുട്ടാനാട്ടിലെ മറ്റൊരു കാഴ്ച്ചയാണ് ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ മനോഹരമായി വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂവ്. കണ്ണെത്താ ദൂരത്താണ് ആമ്പൽ പൂവ് വിരിഞ്ഞു നിൽക്കുന്നത്. എത്ര കണ്ടാലും മതിവരില്ല ആമ്പൽ പൂവിന്റെ കാഴ്ച. കുട്ടനാടൻ പാടശേഖരങ്ങളുടെ ബണ്ടുകൾ മനോഹരമാക്കിയാൽ മാത്രം മതി നിരവധി ടൂറിസ്റ്റുകൾ കേരളത്തിൽ എത്താൽ. ഇതുവഴി കോടികളുടെ വരുമാനമാണ് സർക്കാരിനും നമ്മുടെ നാടിനും ലഭിക്കുന്നത്.

Facebook Comments Box