EDUCATIONKerala NewsTravel

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വർദ്ധന; തീരുമാനം അടുത്ത വര്‍ഷം : മന്ത്രി ആന്റണി രാജു

Keralanewz.com

കൊച്ചി: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാനിരക്കില്‍ ഇളവു നല്‍കുന്നതിനുളള പ്രായപരിധി 27 ആയി നിജപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

ഇതുസംബന്ധിച്ച ഉത്തരവ് ഡിസംബര്‍ 31നു മുന്പ് ഇറക്കി ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. രഘുരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ 31നു മുന്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ടെസ്റ്റിനു വരുന്ന ബസുകളില്‍ സീറ്റ് ബെല്‍റ്റ്, നിരീക്ഷണ കാമറ എന്നിവ ഘടിപ്പിച്ചിരിക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.

സ്വകാര്യ ബസുടമാ സംയുക്തസമിതി സംഘടനാ ഭാരവാഹികളുമായി എറണാകുളം ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബസില്‍ ഡ്രൈവര്‍ക്കു സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതു കേന്ദ്രനിയമ പ്രകാരമാണ്. ബസിന്‍റെ മുന്‍ഭാഗം, പിന്‍ഭാഗം, ഉള്‍ഭാഗം എന്നിവ ദൃശ്യമാകും വിധത്തില്‍ മൂന്നു കാമറകള്‍ ഘടിപ്പിക്കാനായിരുന്നു ആവശ്യം.

എന്നാല്‍ മുന്‍ഭാഗവും ഉള്‍ഭാഗവും ദൃശ്യമാകുന്ന ഒറ്റ കാമറ ലഭിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അവകാശപ്പെട്ടതിനെത്തുടര്‍ന്ന്, കാമറയുടെ എണ്ണത്തില്‍ നിര്‍ബന്ധമില്ലെന്നും സുരക്ഷാമാനദണ്ഡങ്ങള്‍ പരിഗണിച്ച്‌ ആവശ്യപ്രകാരമുള്ള ദൃശ്യങ്ങള്‍ ലഭ്യമാക്കും വിധം രണ്ട് കാമറകള്‍ ഘടിപ്പിച്ചാല്‍ മതിയെന്നും മന്ത്രി അറിയിച്ചു.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അസിസ്റ്റന്‍റ് സെക്രട്ടറി അജിത് കുമാര്‍, ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മനോജ് കുമാര്‍, വിവിധ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Facebook Comments Box