Kerala NewsPolitics

കാനത്തിന്റെ പിൻഗാമി ബിനോയ് വിശ്വമോ?സി.പി.ഐ: താത്കാലിക ചുമതല ബിനോയിക്ക് നല്‍കാൻ സാധ്യത !

Keralanewz.com

തിരുവനന്തപുരം : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോഗ്യ പ്രശ്നങ്ങളാല്‍ ലീവെടുത്ത സാഹചര്യത്തില്‍ സി.പി.ഐ സെക്രട്ടറിയുടെ താത്കാലിക ചുമതല ബിനോയ് വിശ്വത്തിന് നല്‍കിയേക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലാണിത്.

ഈ മാസം 30ന് ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അന്തിമ തീരുമാനമെടുത്തേക്കും. പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവ് അംഗമായ ബിനോയ് വിശ്വം നിലവിൽ രാജ്യസഭാംഗവുമാണ്. സംസ്ഥാനത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാനത്തിന്റെ പിൻഗാമിയായി ബിനോയ് പദവിയിലെത്തുന്നതിന് മുന്നോടിയാണ് ചുമതലയെന്നും പറയപ്പെടുന്നു.

കാനത്തിന്റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ ചുമതല വഹിച്ച്‌ സംഘടനാ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാനം മൂന്ന് മാസത്തെ അവധിയാണെടുത്തിരിക്കുന്നത്. കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് വലത് കാല്‍പ്പാദം മുറിച്ചു മാറ്റിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കൃത്രിമ പാദം ഘടിപ്പിക്കുന്നതിന് ഉള്‍പ്പെടെ സമയം വേണ്ടിവരും.
പഴയതു പോലെ ഉടനടി സംഘടന പ്രവർത്തനങ്ങളിൽ സജീവമാകണമെങ്കിൽ മാസങ്ങളെടുക്കും. പാർട്ടിയിലെ സൗമ്യ മുഖമായ ബിനോയ് നേതൃത്വത്തിലേക്ക് വരുന്നതിൽ പാർട്ടിക്കകത്തും ഭിന്നാഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല.

Facebook Comments Box