Kerala NewsLocal NewsPolitics

ഞാൻ നടത്തിയ പോരാട്ടം വിജയം കണ്ടതില്‍ അഭിമാനം; ആര്‍ ബിന്ദു രാജിവയ്ക്കണം: രമേശ് ചെന്നിത്തല

Keralanewz.com

കൊച്ചി: കണ്ണൂര്‍ വി സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

താൻ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയീ വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല. രാജിവെച്ചുപോകണമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍

‘ഈ വിഷയം ആദ്യമായി ഉന്നയിച്ചത് ഞാനാണ്. അന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് പുറത്തുവിട്ടിരുന്നു. ഞാൻ ലോകായുക്തയില്‍പോയി, സര്‍ക്കാരിന്റെ ഏജന്റ് ആയതുകൊണ്ട് അവരതു തള്ളി. അന്ന് ആര്‍ ബിന്ദു പറഞ്ഞു എനിക്ക് പ്രതിപക്ഷ നേതാവാകാൻ കഴിയാത്തതിലുള്ള ജാള്യതകൊണ്ടാണത് പറയുന്നതെന്ന്. അതുകഴിഞ്ഞ് ഹൈക്കോടതിയില്‍ പോയി. എനിക്കവിടെയും നീതികിട്ടിയില്ല. ഇപ്പോള്‍ സുപ്രീംകോടതിയില്‍ പോയപ്പോള്‍ നീതികിട്ടിയെന്നതിലെനിക്ക് സന്തോഷമുണ്ട്. ചട്ടവിരുദ്ധമായി, നിയമ വിരുദ്ധമായി ഒരു വൈസ് ചാൻസലറെ തുടരാനനുവദിച്ച നടപടി, പ്രൊ വൈസ് ചാന്‍സലര്‍ എന്നനിലയില്‍ ചാൻസലര്‍ക്ക് കത്തയച്ചെന്ന മന്ത്രിയുടെ നടപടി എന്നിവയെല്ലാം തെറ്റാണെന്നിപ്പോള്‍ സുപ്രീംകോടതി തെളിയിച്ചിരിക്കുന്നു.

അതേസമയം കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി കിട്ടിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. നിയമനത്തിന്റെ വിവേചനാധികാരം ഗവര്‍ണര്‍ക്കായിരുന്നെന്നും ബിന്ദു പ്രതികരിച്ചു. കോടതി വിധി ഇതുവരെ കണ്ടിട്ടില്ല. അത് കണ്ട ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പറഞ്ഞു.

Facebook Comments Box