ന്യൂഡല്‍ഹി: കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സമഗ്ര നടപടികളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ടോറി എംപിമാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പ്രധാനമന്ത്രി ഋഷി സുനക് കുടിയേറ്റ തോത് ഗണ്യമായി കുറയ്ക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലവസരങ്ങള്‍ക്കായി യുകെയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ വൻ തിരിച്ചടിയാകും. “കുടിയേറ്റം വളരെ കൂടുതലാണ്. യുകെ ഗവണ്‍മെന്റ് ഇത് നിയന്ത്രിക്കാൻ സമൂലമായ നടപടിയെടുക്കുകയാണ്. ഈ നടപടികള്‍ യുകെക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാക്കും. ചരിത്രത്തില്‍ ഇതിന് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത് ചെയ്തിട്ടില്ല”. ഋഷി സുനക് എക്‌സില്‍ വ്യക്തമാക്കി. പദ്ധതി 2024 തുടക്കത്തില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന നടപടികള്‍
ആശ്രിത നിയന്ത്രണങ്ങള്‍: കുടിയേറ്റം തടയുന്നതിനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി, യുകെയില്‍ ആശ്രിതരായി പ്രവേശിക്കാൻ കഴിയുന്നവരുടെ എണ്ണം പരിമിതപ്പെടുത്താൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
ശമ്പള പരിധി വര്‍ദ്ധിക്കുന്നു : ബ്രിട്ടീഷ് പൗരന്മാര്‍ക്കോ, രാജ്യത്ത് സ്ഥിരതാമസം ആക്കിയവര്‍ക്കോ വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ എത്തിക്കണമെങ്കില്‍ ഇനി കൂടുതല്‍ തുക ശമ്പളമായി നല്‍കേണ്ടി വരും. വിദേശ തൊഴിലാളികളുടെ വരുമാന പരിധി ഏകദേശം 50% വരെ വര്‍ദ്ധിക്കും.
ഹെല്‍ത്ത് ആന്റ് കെയര്‍ വിസ പരിധികള്‍: കെയര്‍ വര്‍ക്കര്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പ്രധാന മാര്‍ഗമായിരുന്ന ഹെല്‍ത്ത് ആന്റ് കെയര്‍ വിസയില്‍ നിയന്ത്രണങ്ങള്‍ വരും. യുകെയിലേക്ക് ആശ്രിതരെ കൊണ്ടുവരാൻ വിദേശത്തുനിന്നുള്ള കെയര്‍ വര്‍ക്കര്‍മാരെ ഇനി അനുവദിക്കില്ല. കൂടാതെ കെയര്‍ ക്വാളിറ്റി കമ്മീഷൻ നിയന്ത്രിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന കുടിയേറ്റ തൊഴിലാളികളെ മാത്രമേ കെയര്‍ പ്രൊവൈഡര്‍മാര്‍ക്ക് സ്പോണ്‍സര്‍ ചെയ്യാൻ കഴിയൂ.
ക്ഷാമ തൊഴിലുകള്‍ക്കുള്ള20% ശമ്പള കിഴിവ് നിര്‍ത്തലാക്കും. മൈഗ്രേഷൻ ഉപദേശക സമിതി അവലോകനം ചെയ്യുന്ന ഒരു ഇമിഗ്രേഷൻ ശമ്പള പട്ടിക അവതരിപ്പിക്കുകയും ചെയ്യും.
ആശ്രിതരെ കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണങ്ങള്‍: യുകെയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഇതിനകം തന്നെ നിലവിലുണ്ട്. ഇതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും. ഫാമിലി വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ വരുമാന പരിധിയും ഉയര്‍ത്തിയിട്ടുണ്ട്.
വിദേശ പഠനവും ജോലിയും സ്വപ്നം കണ്ട് കഴിയുന്ന കേരളത്തിലെ യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുന്ന തീരുമാനത്തെ ആശങ്കയോടെയാണ് മലയാളികൾ വീക്ഷിക്കുന്നത്.