ശബരിമലയിലേക്ക് വൻ ഭക്തജന പ്രവാഹം; തിരക്ക് നിയന്ത്രിക്കാനാവാതെ പോലീസ്
ശബരിമല: ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു. വെള്ളിയാഴ്ച രാത്രി 11 മണിക്ക് നട അടച്ച ശേഷവും വൻ ഭക്തജന പ്രവാഹമാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.
സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ അടക്കം തകര്‍ത്ത് തീര്‍ത്ഥാടകര്‍ കൂട്ടത്തോടെ താഴെ തിരുമുറ്റത്തേക്കടക്കം തള്ളി കയറി.സന്നിധാനത്ത് തിരക്ക് വര്‍ദ്ധിച്ചതോടെ വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ പത്തനംതിട്ടയിലും നിലക്കലിലും കെഎസ്‌ആര്‍ടിസി ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പിടിച്ചിട്ടു. വാഹനങ്ങളുടെ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച നെയ്യഭിഷേകം ചെയ്യാൻ സാധിക്കാതെ വന്ന പതിനായിരക്കണക്കിന് ഭക്തര്‍
സന്നിധാനത്ത് തമ്ബടിച്ചു. ഇതും തിരക്ക് വര്‍ധിക്കാൻ കാരണമായി.
തിരക്ക് നിയന്ത്രിക്കാൻ ആവാതെ വന്നതോടെ സന്നിധാനത്തിന്റെ പല ഭാഗങ്ങളിലും ഭക്തരും പോലീസുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പല ഭാഗത്തുനിന്നും ഭക്തര്‍ പ്രവേശിച്ചതോടെ ജന സാഗരമായിരുന്നു സന്നിധാനത്ത് അനുഭവപ്പെട്ടത്. നടപ്പന്തലും സന്നിധാനത്തേക്ക് പ്രവേശിക്കുന്ന എല്ലാ ഭാഗങ്ങളും ഭക്തരെ കൊണ്ട് നിറഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ പമ്ബയില്‍ എത്തിയ തീര്‍ത്ഥാടകരെ തിരക്ക് കാരണം ഇതുവരെയും സന്നിധാനത്തേക്ക് കടത്തി വിട്ടിട്ടില്ല. ഇതോടെ ത്രിവേണിയും പമ്ബാതീരവും അടക്കം ഭക്തരാല്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദര്‍ശനത്തിനായി 12 മണിക്കൂറിലേറെ നേരം കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. തിരക്ക് നിയന്ത്രണാതീതമായ സാഹചര്യത്തില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.