Thu. May 2nd, 2024

തന്റെ മൂന്നാം ഭരണത്തില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയാകുമെന്ന് മോദി

By admin Dec 18, 2023
Keralanewz.com

സൂറത്ത്: തന്റെ മൂന്നാം തവണത്തെ ഭരണത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്ബദ്‌വ്യവസ്ഥകളില്‍ ഒന്നായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്തിലെ സൂറത്തിന് സമീപം ഖജോദ് ഗ്രാമത്തില്‍ 67 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലോകത്തിലെ ഏറ്റവും വലിയ വജ്രവ്യാപാര ഓഫിസ് സമുച്ചയം ‘സൂറത്ത് ഡയമണ്ട് ബോഴ്‌സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ കെട്ടിടം പുതിയ ഇന്ത്യയുടെ പുതിയ ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്. സൂറത്തിലെ വജ്ര വ്യവസായം എട്ടുലക്ഷം പേര്‍ക്ക് തൊഴിലവസരം നല്‍കുന്നുണ്ടെന്നും പുതിയ കേന്ദ്രം തുറന്നതോടെ ഒന്നരലക്ഷം പേര്‍ക്കുകൂടി തൊഴില്‍ ലഭ്യമാകുമെന്നും മോദി പറഞ്ഞു.

സൂറത്തും അതിന്റെ വജ്രവ്യവസായവും പലമടങ്ങ് വര്‍ധിച്ചിട്ടുണ്ടെങ്കിലും രത്നങ്ങളുടെയും സ്വര്‍ണാഭരണങ്ങളുടെയും കയറ്റുമതിയില്‍ രാജ്യത്തിന്റെ സംഭാവന വെറും 3.5 ശതമാനം മാത്രമാണ്. സൂറത്ത് തീരുമാനിക്കുകയാണെങ്കില്‍, ഉടൻതന്നെ രത്ന-ആഭരണ കയറ്റുമതിയില്‍ ഇരട്ട അക്കത്തില്‍ എത്തിക്കാൻ കഴിയും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇറക്കുമതിക്കും കയറ്റുമതിക്കുമായി അത്യാധുനിക കസ്റ്റംസ് ക്ലിയറൻസ് ഹൗസ്, റീട്ടെയില്‍ ജ്വല്ലറി വ്യാപാരത്തിനായി ജ്വല്ലറി മാള്‍, അന്താരാഷ്ട്ര ബാങ്കിങ് സൗകര്യം, സുരക്ഷിത നിലവറകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വജ്രവ്യാപാര സമുച്ചയം. സൂറത്ത് വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവിയും ലഭിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post