Fri. May 17th, 2024

തൃശൂര്‍ പൂരം പ്രതിസന്ധി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പകല്‍പ്പൂരം രണ്ടിന്

By admin Dec 29, 2023
Keralanewz.com

തൃശൂര്‍: പൂരം പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും അവശ്യം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ വീണ്ടും പ്രത്യക്ഷ സമരം.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിനു മുന്നില്‍ രണ്ടിന് പ്രതിഷേധ പകല്‍പ്പൂരം നടത്തുമെന്ന് ടി.എന്‍. പ്രതാപന്‍ എം.പിയും ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂരും പത്രസമ്മേളനത്തില്‍ അറിയിച്ചു. പൂരം പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രണ്ടു മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നില്ല. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച നല്ല ലക്ഷ്യത്തോടെയായിരുന്നെങ്കില്‍ നാലിന് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്ബോള്‍ പൂരത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രദര്‍ശന നഗരിയുടെ തറവാടക സംബന്ധിച്ച കാര്യങ്ങളില്‍ ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് നിജസ്ഥിതി ബോധ്യപ്പെടുത്തുകയും വേണം.

തേക്കിന്‍കാട് മൈതാനിയില്‍ പുഷ്പഫലപ്രദര്‍ശനമടക്കം പല പ്രദര്‍ശനങ്ങള്‍ക്കും തറവാടക കുറവാണ്. പൂരം പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ഇതേ നയം തന്ന വേണം. പൂരം നടത്തിപ്പിനും ഘടകപൂരങ്ങളുടെ നടത്തിപ്പിനും പൂരം പ്രദര്‍ശത്തില്‍നിന്നുള്ള വരുമാനം പ്രധാനമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികള്‍ക്ക് സൗജന്യമായി നല്‍കുന്നതുപോലെ പൂരം പ്രദര്‍ശനത്തിനും സ്ഥലം സൗജന്യമായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ തറവാടക ഒഴിവാക്കുമെന്ന് ഒരു ചോദ്യത്തിനു മറുപടിയായി എം.പി. പറഞ്ഞു. രണ്ടിന് രാവിലെ 11നാണ് പ്രതിഷേധ പൂരം ആരംഭിക്കുക. നിയമപരമായ തടസങ്ങളുള്ളതിനാല്‍ പ്രതിഷേധ പൂരത്തില്‍ ആനകളുണ്ടാവില്ലെന്നും പറഞ്ഞു.

Facebook Comments Box

By admin

Related Post