Sun. Apr 28th, 2024

പ്രശാന്ത്‌ നാരായണന്‍ അന്തരിച്ചു

By admin Dec 29, 2023
Keralanewz.com

തിരുവനന്തപുരം : പ്രശസ്‌ത നാടകകൃത്ത്‌ പ്രശാന്ത്‌ നാരായണന്‍ (51) അന്തരിച്ചു. മൂന്നു പതിറ്റാണ്ടോളം ഇന്ത്യന്‍ തിയറ്റര്‍ രംഗത്ത്‌ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ശ്വാസകോശ രോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു.

രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2008ല്‍ മോഹന്‍ലാലും മുകേഷും ഒരുമിച്ചെത്തിയ ഛായമുഖി എന്ന ഹിറ്റ്‌ നാടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എം.ടി.വാസുദേവന്‍ നായരുടെ ജീവിതവും മറ്റ്‌ കൃതികളും കോര്‍ത്തിണക്കി അണിയച്ചൊരുക്കിയ മഹാസാഗരം എന്ന നാടകം അനേക ലക്ഷങ്ങളുടെ മനം കവര്‍ന്നു.
തിരുവനന്തപുരം വെള്ളായണിയില്‍ കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരുടെയും കെ. ശാന്തകുമാരി അമ്മയുടെയും മകനായി 1972 ജൂലൈ 16 ന്‌ ആയിരുന്നു ജനനം.
തിരുവനന്തപുരം സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂള്‍, ഇരിങ്ങോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌, തൃശൂര്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം. കോളമിസ്‌റ്റ്‌, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, നടന്‍, നാടക രചയിതാവ്‌, സംവിധായകന്‍, ആട്ടക്കഥാകൃത്ത്‌ എന്നീ നിലകളില്‍ പ്രശസ്‌തനാണ്‌. പതിനഞ്ചാമത്തെ വയസു മുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങി. മുപ്പതോളം നാടകങ്ങള്‍ എഴുതി. അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്‌തു. പതിനേഴാം വയസ്സില്‍ ഭാരതാന്തം ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി.പ്രമേയത്തിന്റെ പ്രത്യേകതയും സമകാലിക വിഷയപ്രസക്‌തിയും സംവിധാനമികവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മകരധ്വജന്‍ എന്ന നാടകം, സ്‌ത്രീയുടെ സ്വത്വവേവലാതികളെയും സ്‌ത്രീശാക്‌തീകരണത്തെയും പ്രമേയമാക്കിയ കറ എന്ന ഒറ്റയാള്‍ നാടകം, താജ്‌മഹല്‍ എന്ന ശക്‌തമായ രാഷ്‌ട്രീയബിംബം പ്രമേയമാക്കിയ കവിതയുടെ ദൃശ്യാവിഷ്‌കാരമായ താജ്‌മഹല്‍ എന്ന നാടകം എന്നിവ പ്രശാന്ത്‌ നാരായണന്റെ കൈയൊപ്പു പതിഞ്ഞ സൃഷ്‌ടികളാണ്‌.
തൊപ്പിക്കാരന്‍, അരചചരിതം, ബലൂണുകള്‍, ജനാലയ്‌ക്കപ്പുറം, വജ്രമുഖന്‍, മണികര്‍ണിക,ചിത്രലേഖ, തുടങ്ങിയവയാണ്‌ പ്രശാന്ത്‌ രചിച്ച മറ്റു പ്രധാന നാടകങ്ങള്‍. ടാഗോറിന്റെ തപാലാഫീസ്‌, ഷേക്‌സ്‌പിയറിന്റെ ഹാംലെറ്റ്‌, ഭാസ മഹാകവിയുടെ ഊരുഭംഗം, ദൂതഘടോത്‌കചം, സ്വപ്‌നവാസവദത്തം എന്നിവ പ്രധാന സംവിധാന സംരംഭങ്ങള്‍ ആണ്‌. മംഗളം തിരുവനന്തപുരം ലേഖകനായി പ്രവര്‍ത്തിച്ചിരുന്നു.
2003 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്‌ക്കുള്ള അവാര്‍ഡ്‌, 2011 ല്‍ ദുര്‍ഗാദത്ത പുരസ്‌കാരം, 2015 ല്‍ എ.പി. കളയ്‌ക്കാട്‌ അവാര്‍ഡ്‌, 2016ല്‍ അബുദാബി ശക്‌തി അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 3.30നു ശാന്തികവാടത്തില്‍ നടക്കും.

Facebook Comments Box

By admin

Related Post