Sun. May 19th, 2024

ഡീസല്‍ മിനി ബസുകള്‍ വാങ്ങാന്‍ നീക്കം ; ഇ ബസ് ടെന്‍ഡറുകള്‍ കെഎസ്‌ആര്‍ടിസി റദ്ദാക്കി

By admin Jan 20, 2024
Keralanewz.com

തിരുവനന്തപുരം: ഇലക്‌ട്രിക് ബസുകള്‍ ലാഭകരമല്ലെന്നും ഇനി വാങ്ങാനില്ലെന്നും നിലപാട് എടുത്തതിന് പിന്നാലെ ഗതാഗത വകുപ്പ് ഡീസല്‍ മിനി ബസുകള്‍ വാങ്ങാന്‍ പുതിയ നീക്കം നടത്തുന്നതായി സൂചന.

ഇതോടെ പുതിയ ഇലക്‌ട്രിക് ബസുകള്‍ വാങ്ങാനുള്ള എല്ലാ ടെന്‍ഡറുകളും കെഎസ്‌ആര്‍ടിസി റദ്ദാക്കി. കേന്ദ്രത്തില്‍ നിന്നും സൗജന്യമായി കിട്ടാനുള്ള 950 ഇ ബസുകള്‍ നേടിയെടുക്കാനുള്ള നടപടികളും മരവിപ്പിച്ചു.

ഗണേശ്കുമാര്‍ മുമ്ബ് ഗതാഗതമന്ത്രിയായിരുന്ന കാലത്ത് കെഎസ്‌ആര്‍ടിസിയ്ക്ക് വേണ്ടി മിനി ബസുകള്‍ വാങ്ങിയിരുന്നു. സമാന രീതിയിലുള്ള നീക്കം തന്നെ നടത്താനാണ് ഒരുങ്ങുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഇലക്‌ട്രിക് ബസുകള്‍ വാങ്ങുന്നതില്‍ ഗണേശ്കുമാര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയത്. ഇതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയും വട്ടിയൂര്‍കാവ് എംഎല്‍എയും തിരുവനന്തപരും നഗരസഭയുമെല്ലാം രംഗത്ത് വന്നിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസകരമാകുമെങ്കില്‍ തിരുവനന്തപുരം നഗരത്തിലെ ഇലക്‌ട്രിക് ബസ് തുടരുമെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭ കൂട്ടായിട്ടാണ് തീരുമാനം എടുക്കുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.

എന്നാല്‍ ഗണേശ്കുമാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നും സൗജന്യമായി കിട്ടേണ്ട 950 ഇ ബസുകള്‍ക്ക് വേണ്ടിയുള്ള നടപടിക്രമങ്ങളില്‍ നിന്നും കെഎസ്‌ആര്‍ടിസി താല്‍ക്കാലികമായി പിന്തിരിഞ്ഞിരിക്കുകയാണ്. കേന്ദ്രത്തിന്റെ ഇ ബസുകള്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ച്‌ രണ്ടുമാസം മുമ്ബ് തന്നെ ഗതാഗത വകുപ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നതാണ്. മന്ത്രിയുടെ പുതിയ പ്രഖ്യാപനം എതിരായതോടെ നടപടികള്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് നിര്‍ത്തിവെച്ചു.

തിരുവനന്തപുരം നഗരത്തില്‍ ഇ ബസ് സര്‍വീസിന് ഓരോ റൂട്ടിലും 32,000 രൂപ ലാഭമാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ തല്‍സ്ഥാനത്ത് ഡീസല്‍ വാഹനങ്ങള്‍ ഓടുമ്ബോള്‍ ഡീസല്‍ ചെലവ് ഇനത്തില്‍ പ്രതിമാസം 3.5 കോടി ചെലവാക്കുമ്ബോള്‍ 35,000 രൂപ വരെയാണ് നഷ്ടം സംഭവിക്കുന്നത്. വരുമാനം കിട്ടുന്നതാകട്ടെ പ്രതിമാസം ഏഴുകോടി രൂപയും. മുമ്ബ് വാങ്ങിച്ച ഡീസല്‍ ബസുകള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ് താനും.

ഇ – ബസ് സേവാ പദ്ധതി സ്വീകരിക്കുന്നതിന് ധനവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ ബസുകള്‍ ലഭിക്കും. ഇതിനായി കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ബസ് നല്‍കുന്ന കമ്ബനിക്ക് വാടകവിഹിതം കൃത്യമായി നല്‍കുന്നതിനും വൈദ്യൂതി കൃത്യമായി എത്തിക്കുന്നതും സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്ന 83 കോടിയുടെ കോര്‍പ്പസ് ഫണ്ട് ഉണ്ടാക്കണം. ഇതില്‍ 48 കോടി സംസ്ഥാന വിഹിതമാണ്. ഈ നടപടിക്രമങ്ങള്‍ പാലിച്ച്‌ മറ്റ് സംസ്ഥാനങ്ങള്‍ 3900 ബസുകളാണ് നേടിയിട്ടുള്ളത്. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് ടെന്‍ഡറുകള്‍ റദ്ദാക്കിയിട്ടുണ്ട്. സ്മാര്‍ട്ട്‌സിറ്റി പദ്ധതിപ്രകാരം 13 ബസുകള്‍, കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതിപ്രകാരം 20 ബസുകള്‍, കിഫ്ബിഫണ്ടില്‍ 50 ഡീസല്‍ സൂപ്പര്‍ഫാസ്റ്റുകള്‍ എന്നിവ വാങ്ങാനുള്ള ടെന്‍ഡറുകളാണ് റദ്ദാക്കിയത്.

Facebook Comments Box

By admin

Related Post