‘അമ്മാതിരി വര്‍ത്തമാനമൊന്നും വേണ്ട’; ‘ഇമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ടും വേണ്ട’ ; മുഖ്യമന്ത്രിയൂം പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്
തിരുവനന്തപുരം: ആദ്യദിവസം തന്നെ പ്രതിപക്ഷം പ്രതിഷേധിച്ച് പുറത്തുപോയ നിയമസഭാ സമ്മേളനത്തിലെ കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ മുഖാമുഖം വാക്‌പോര്.
കെപിസിസിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ നടന്ന സംസാരത്തില്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും സഹകരണം സംബന്ധിച്ച സംസാരത്തില്‍ ‘അമ്മാതിരി വര്‍ത്തമാനമൊന്നും വേണ്ട’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് ‘ഇമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ടും വേണ്ട’ എന്ന് വി.ഡി. സതീശന്‍ തിരിച്ചടിച്ചു.
കെപിസിസിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 9 മുതല്‍ നടക്കുന്ന ‘സമരാഗ്നി’ പ്രചരണജാഥ മുന്‍ നിര്‍ത്തി ആ ദിവസങ്ങളിലെ സമ്മേളനം മാറ്റിവെയ്ക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെ ഇത്തരം പരിപാടികള്‍ വരുമ്ബോള്‍ സഭാസമ്മേളനം മാറ്റിവെയ്ക്കുന്ന കീഴ്‌വഴക്കമുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ ഒന്നിനും സഹകരിക്കുന്നില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. എന്നാല്‍ നിങ്ങളും നല്ല സഹകരണല്ലോ എന്നായിരുന്നു പിണറായിയുടെ മറുപടി.
തുടര്‍ന്ന് അതുകൊണ്ട് അമ്മാതിരി വര്‍ത്തമാനമൊന്നും വേണ്ട എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍. അതേ നാണയത്തില്‍ പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. എന്നാല്‍ ഇമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ടും വേണ്ടെന്ന് പറഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ കാര്യോപദേശക സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. ഫെബ്രുവരി 15 ന് സമ്മേളനം അവസാനിപ്പിക്കാനാണ് കാര്യോപദേശക സമിതി തീരുമാനിച്ചത്. ഇതിനിടയില്‍ ഫെബ്രുവരി 5 ന് ബജറ്റ് അവതരിപ്പിക്കും 12 മുതല്‍ 15 വരെ ബജറ്റ് ചര്‍ച്ച നടത്തും. നേരത്തേ മാര്‍ച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇതിനിടയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടല്‍ മുന്‍ നിര്‍ത്തിയായിരുന്നു തീരുമാനം.