Sat. May 4th, 2024

കോട്ടയം ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടതിന്റെ പേരിൽ സജി മഞ്ഞക്കടമ്പനെ ഫ്രാൻസിസ് ജോർജ് അനുകൂലികൾ അപമാനിച്ചതിൽ ജോസഫ് ഗ്രൂപ്പിലെ പഴയ മാണിക്കാർ കടുത്ത പ്രതിഷേധത്തിൽ.

Keralanewz.com

കോട്ടയം: കോട്ടയം ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടതിന്റെ പേരിൽ യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ടുമായ സജി മഞ്ഞ കടമ്പനെ ബ്ലാക്ക് മെയിൽ രാഷ്ട്രീയക്കാരനെന്നും സീറ്റ് മോഹിയെന്നും അധിക്ഷേപിച്ചതിൽ ജോസഫ് വിഭാഗത്തിലെ പഴയ മാണി അനുകൂലികൾ കടുത്ത പ്രതിഷേധത്തിലാണ്. ഫ്രാൻസിസ് ജോർജ് അനുകൂലിയായ മജീഷ് കൊച്ചുമലയെ കൊണ്ട് ദൃശ്യമാധ്യമങ്ങളിൽ പുലഭ്യം പറയിച്ചത് മോൻസ് ജോസഫും ഫ്രാൻസിസ് ജോർജ്ജും നേരിട്ട് ബന്ധപ്പെട്ടതു കൊണ്ടാണെന്ന് സജി മഞ്ഞ കടമ്പൻ്റെ അനുയായികൾ കരുതുന്നു. ഏറ്റുമാനൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര്യ സ്ഥാനാർഥിയായി മത്സരിക്കുകയും . നിരവധിതവണ പാർട്ടി അച്ചടക്ക ലംഘനത്തിനും സോഷ്യൽ മീഡിയയിൽ കൂടി അശ്ലീല പരാമർശത്തിനും കുപ്രസിദ്ധി നേടിയ വ്യക്തിയെ ഉപയോഗിച്ച് കേരള കോൺഗ്രസിലെ കോട്ടയം ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മുഖമായ സജി മഞ്ഞക്കടമ്പനെ തേജോവധം ചെയ്ത് രാഷ്ട്രീയപരമായി വന്ധീകരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അവർ ആരോപിക്കുന്നു. പാർട്ടി പിളർന്ന സമയത്ത് കോട്ടയം ജില്ലയിൽ പാർട്ടിയെ സംരക്ഷിച്ചത് ജോയ് എബ്രഹാം, സജി മഞ്ഞക്കടമ്പിൽ, തോമസ് ഉണ്ണിയാടൻ, പ്രിൻസ് ലൂക്കോസ്, തുടങ്ങിയ നേതാക്കളായിരുന്നു എന്ന യാഥാർഥ്യം മറന്നാണ് ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവർത്തിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. യുവജനവിഭാഗം സംസ്ഥാന പ്രസിഡൻറ് ജില്ലാ പഞ്ചായത്ത് മെമ്പർ , ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കരൂർ പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച സജി മഞ്ഞക്കടമ്പനെ അധിക്ഷേപിച്ചത് ഒറ്റപ്പെട്ട സംഭവമായി അവർ കരുതുന്നുമില്ല. മാധ്യമങ്ങളുടെ ഇടയിൽ സജി മഞ്ഞക്കടമ്പനെ ഇകഴ്ത്തി കാണിക്കുന്നതിന് ഫ്രാൻസിസ് ജോർജ് മോൻസ് വിഭാഗം ഒരുക്കിയ തിരക്കഥയുടെ ഭാഗമാണെന്നും അവർ ആരോപിക്കുന്നു. വിവിധ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളിലും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലും കോട്ടയം ജില്ലയിൽ മാണി വിഭാഗത്തിന് തോൽവി സമ്മാനിച്ചത് മഞ്ഞക്കടമ്പൻ്റെ പ്രവർത്തന മികവാണെന്നും അവർ പറയുന്നു. സജിയെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ ആണ് ജോസഫ് വിഭാഗത്തിലെ മാണിക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായിട്ടാണ് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് അജിത്ത് മുതിരമല മജേഷ് കൊച്ചുമലയെ തള്ളിപ്പറഞ്ഞ് പ്രസ്താവന ഇറക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കന്മാർ മഞ്ഞക്കടമ്പന് പിന്തുണ അറിയിച്ചുകൊണ്ട് പ്രസ്താവന ഇറക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ . നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സജി മഞ്ഞക്കടമ്പന് സീറ്റ് ലഭിക്കില്ല എന്നുറപ്പാണ്. പാർട്ടിയിൽ അവഗണന നേരിടുന്നു എന്ന് പലതവണ പാർട്ടി യോഗങ്ങളിൽ ആവർത്തിച്ച് ശബ്ദമുയർത്തി എങ്കിലും അനുകൂലമായി യാതൊരു തീരുമാനവും ഉണ്ടായില്ല എന്ന് മാത്രമല്ല പല യോഗങ്ങളിലും മോൻസ് ഇടപെട്ട് സജിമോനെ സംസാരിക്കാൻ പോലും അനുവദിക്കാറില്ല. കോട്ടയം ജില്ലയിൽ പ്രസ്റ്റീജ് മത്സരം നടന്ന രാമപുരം സഹകരണ ബാങ്കിൽ ജോസഫ് വിഭാഗത്തിന് വിജയിക്കാൻ കഴിഞ്ഞത് സജിമഞ്ഞിക്കടമ്പൻ്റെ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടാണെന്ന് പാർട്ടി ചെയർമാൻ പി ജെ ജോസഫ് പോലും സമ്മതിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹത്തെ അധികാരത്തിന്റെ ശ്രേണിയിലേക്ക് കൈപിടിച്ചുയർത്തുവാൻ തയ്യാറാവാത്തത് പഴയ മാണിക്കാരെ ജോസഫിന് വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നുണ്ട്. സീറ്റ് നൽകില്ല എന്നറിഞ്ഞിട്ടും അക്ഷോഭ്യൻ ആവാതെ പാർട്ടി ചെയർമാനിൽ വിശ്വാസം ഉറപ്പിച്ച സജിമോനെ അധിക്ഷേപിച്ചതിൻ്റെ മുറിവുകൾ അത്രവേഗം ഉണങ്ങാൻ ഇടയില്ല. കെഎം മാണി ജീവിച്ചിരുന്ന സമയത്ത് പൂഞ്ഞാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുവേള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പോലും തയ്യാറായ സജി മഞ്ഞക്കടമ്പൻ ജോസഫ് കാരുടെ ആട്ടുംതുപ്പുംമേറ്റ് എത്രനാൾ പഞ്ചപൂച്ഛമടക്കി രാഷ്ട്രീയ പ്രവർത്തനം നടത്തും എന്ന് കണ്ടറിയണം. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിനിർണയം അതിൻറെ അവസാന ലാപ്പിൽ എത്തിച്ചേരുമ്പോൾ ജോസഫ് വിഭാഗം സ്ഥാനാർത്ഥി പരിഗണന വേളയിൽ കെ എം മാണിയുടെ മരുമകനും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന എം പി ജോസഫിന് കിട്ടുന്ന പരിഗണന പോലും ലഭിക്കാൻ ഇടയില്ലെന്ന് അദ്ദേഹത്തോട് അടുത്ത ആളുകൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. പൂഞ്ഞാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ഒരുങ്ങിയ മഞ്ഞകടമ്പൻ അന്ന് കാണിച്ച ശൗര്യവും വീര്യ വും ഇന്നെവിടെയെന്നും നവ മാധ്യമങ്ങളിൽ മാണി ഗ്രൂപ്പുകാർ കമന്റ് ഇടുന്നുണ്ട്. സീറ്റ് നൽകിയില്ലെങ്കിലും പരിഗണിക്കുകയെങ്കിലും ചെയ്യാതെ ഒഴിവാക്കിയത് ക്രൂരതയാണെന്നും അവർ പറഞ്ഞു വയ്ക്കുന്നു.

Facebook Comments Box

By admin

Related Post