സപ്ലൈകോ വിലവര്‍ധന: പ്രതിപക്ഷ പ്രതിഷേധമിരമ്ബി; സഭ സ്‌തംഭിച്ചു
തിരുവനന്തപുരം : നിയമസഭയെ അവഹേളിച്ചു സപ്ലൈകോയിലെ 13 ഇന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ സ്‌തംഭിപ്പിച്ചു.
കഴിഞ്ഞ ദിവസം അടിയന്തരപ്രമേയമായി അവതരിപ്പിച്ച സമയത്തും വില വര്‍ധിപ്പിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മന്ത്രി വ്യക്‌തമായി മറുപടി നല്‍കിയില്ലെന്ന് ഉപക്ഷേപം അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നിട്ടാണ് സമ്മേളനം നടക്കുന്ന സമയത്തു സഭയെ അറിയിക്കാതെ വില വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം “കേരളം കൊള്ളയടിച്ച് പി.വി. കമ്ബനി” എന്ന ബാനര്‍ ഉയര്‍ത്തി സ്‌പീക്കറുടെ മുഖം മറച്ചു. ഇത് പ്രക്ഷുബ്‌ധരംഗങ്ങള്‍ക്ക് വഴിവച്ചു. ഭരണപക്ഷാംഗങ്ങളും ഇരിപ്പിടം വിട്ടിറങ്ങി മുന്‍നിരയിലേക്ക് പാഞ്ഞടുത്തു. പ്രതിപക്ഷവുമായി വാക്കേറ്റമായതോടെ കൈവിട്ടുപോകുമെന്ന മട്ടിലെത്തി കാര്യങ്ങള്‍. ഇതോടെ ഇന്നലത്തെ നടപടികള്‍ അവസാനിപ്പിച്ച് സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ സഭ അനിശ്‌ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു. നവകേരള സദസിനിടെ ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഷാഫി പറമ്ബില്‍ നല്‍കിയ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസ് സ്‌പീക്കര്‍ തടഞ്ഞതും പ്രതിഷേധത്തിനു വഴിവച്ചിരുന്നു. എന്നാല്‍ ബഹളമുണ്ടാക്കി ഇറങ്ങിപ്പോയ പ്രതിപക്ഷം മടങ്ങിവന്നാണ് സഭ സ്‌തംഭിപ്പിച്ചത്.
സപ്ലൈകോയിലെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞാണ് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. എന്നിട്ടും 75% ആയിരുന്ന സബ്‌സിഡി 35% ആക്കി കുറയ്‌ക്കുകയാണ്. സപ്ലൈകോയില്‍ സാധനങ്ങള്‍ ഒന്നുമില്ല. ഇനി എത്തിച്ചാലും വില വര്‍ധിക്കുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പ്രതിപക്ഷനേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞ മന്ത്രി താന്‍ ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും അറിയിച്ചു. സബ്‌സിഡിസാധനങ്ങളുടെ വില 25% ഉണ്ടായിരുന്നത് 35%മായി വര്‍ധിപ്പിക്കുകമാത്രമാണ് ചെയ്‌തത്. 2014-ലാണ് ഒടുവില്‍ സബ്‌സിഡി പരിഷ്‌കരിച്ചത്. ഇപ്പോള്‍ ഇത് പറയുന്നവര്‍ അന്ന് ഓഗസ്‌റ്റ്, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സബ്‌സിഡി വില ഉയര്‍ത്തി. 2016-ല്‍ അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ നയപരമായ തീരുമാന പ്രകാരം ഇതുവരെ ഒരു വില വര്‍ധനയും ഉണ്ടാക്കിയിട്ടില്ല.ഇപ്പോള്‍ പ്രതിമാസം 35 കോടി രൂപയാണ് നഷ്‌ടം. ഒരുവര്‍ഷം 425 കോടിയുടെ ബാധ്യതയാണുണ്ടാകുന്നത്. 35% ആക്കി ഉയര്‍ത്തിയാലും പൊതുവിപണിയില്‍ നിന്ന് 1446 രൂപയ്‌ക്ക് വാങ്ങുന്ന സാധനങ്ങള്‍ക്ക് സപ്ലൈകോയില്‍ 960 രൂപ മാത്രമേ ആകൂ. സഭയെ അവഹേളിക്കുന്ന ഒന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി മറുപടി നല്‍കി. ഇതോടെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു.
നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരേ കരിങ്കൊടി കാട്ടിയതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദിച്ച സംഭവമാണ് അടിയന്തിരപ്രമേയമായി അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സമീപകാല സംഭവമല്ലാത്തതുകൊണ്ടും കോടതിയുടെ പരിഗണനയിലുള്ളതുകൊണ്ടും ഈ വിഷയം അനുവദിക്കാനാവില്ലെന്ന് സ്‌പീക്കര്‍ പറഞ്ഞു.
കോടതി നിര്‍ദേപ്രകാരം കേസ് എടുത്തെങ്കിലും ഗണ്‍മാന്‍ അന്വേഷണവുമായി സഹകരിക്കാത്തതാണ് തങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാവില്ലെന്ന് സ്‌പീക്കര്‍ വ്യക്‌തമാക്കി.
വീണ്ടും പ്രതിപക്ഷനേതാവ് വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും അവസരം നല്‍കാതെ അടുത്ത നടപടികളിലേക്ക് സ്‌പീക്കര്‍ കടന്നു. ഇതിനിടയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ഇറങ്ങിപ്പോക്കും നടത്തി.