National NewsPolitics

മുതിർന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്ക്?

Keralanewz.com

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ആർപിഎം സിങ് മനീഷ് തിവാരിയുമായി സംസാരിച്ചെന്നാണ് വിവരം.
മുൻ കേന്ദ്രമന്ത്രി കൂടിയാണ് മനീഷ് തിവാരി.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്ബോള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് പോയിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും നേതാക്കളുടെ കൊഴിഞ്ഞ്പോക്ക് തുടരുകയാണ്. മധ്യപ്രദേശില്‍ കമല്‍നാഥും മകനും നാളെ ബിജെപിയിലേക്ക് പോകും എന്നാണ് സൂചന. അതിനിടെയാണ് ഇപ്പോള്‍ മനീഷ് തിവാരിയുടെ പേരും ഉയർന്നുകേള്‍ക്കുന്നത്.

മനീഷ് തിവാരി ബിജെപിയുമായി ആദ്യഘട്ട ചർച്ച നടത്തി. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് അദ്ദേഹം ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് ഇപ്പോള്‍‌ പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന നേതാവാണ് ആർപിഎം സിങ്. അദ്ദേഹം ഇപ്പോള്‍ യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ആർപിഎം സിങ് മനീഷ് തിവാരിയുമായി ചർച്ച നടത്തിയെന്ന വിവരം പുറത്തുവരുന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ ആശങ്കയിലാണ്. എന്നാല്‍, വാർത്തയെക്കുറിച്ച്‌ പ്രതികരിക്കാൻ മനീഷ് തിവാരി ഇതുവരെ തയ്യാറായിട്ടില്ല.

പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവും ബിജെപി പ്രവേശനത്തിനൊരുങ്ങുന്നതായി അഭ്യൂഹം ഉയരുന്നുണ്ട്. സിദ്ദുവിന്റെയും മൂന്ന് എംഎല്‍എമാരുടെയും ബിജെപി പ്രവേശനം അടുത്തയാഴ്ച്ച ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് റാലികളും സമാന്തര യോഗവും ചേര്‍ന്നതില്‍ സിദ്ദുവിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

Facebook Comments Box