Sun. May 19th, 2024

മാസപ്പടി: തോട്ടപ്പള്ളിയില്‍ നടന്നത് 40,000 കോടിയുടെ ഖനനം; മുഖ്യമന്ത്രി 100 കോടി കൈപ്പറ്റിയെന്ന് കുഴല്‍നാടന്‍

By admin Feb 26, 2024
Keralanewz.com

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് ആരോപിച്ച്‌ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടിയില്‍ തന്റെ ചോദ്യങ്ങള്‍ക്ക് വ്യവസായ വകുപ്പോ സര്‍ക്കാരോ സിപിഎമ്മോ മറുപടി നല്‍കുന്നില്ല.

മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ കുഴല്‍നാടന്‍, കരിമണല്‍ കമ്ബനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടി രൂപ കൈപ്പറ്റിയെന്ന ഗുരുതര ആരോപണവും ഉയര്‍ത്തി. ഇന്റീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ 135 കോടിയുടെ അഴിമതിയില്‍ സിംഹഭാഗവും പി.വി എന്ന മുഖ്യമന്ത്രിക്കാണ് നല്‍കിയിരിക്കുന്നതെന്ന് പറയുന്നുണ്ട്. ഇടപാടില്‍ വീണയുടെ അഴിമതി ചെറുതാണ്. മകളെ എന്തിനാണ് മുഖ്യമന്ത്രി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതെന്നും അദ്ദേഹം ആരാഞ്ഞു.

സിഎംആര്‍എല്ലിന് നല്‍കിയ കരാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ഇടപെടലാണ്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് കരാര്‍ നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന ഉണ്ടയില്ലാ വെടിയാണ് വ്യവസായമന്ത്രി പി.രാജീവ് നല്‍കിയത്.

തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ നീക്കം ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും അത് മുഖ്യമന്ത്രി ഏറ്റെടുത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ വഴി കരിമണല്‍ സിഎംആര്‍എല്ലിന് ലഭിച്ചു. ആറട്ടുപുഴ തൃക്കുന്നപ്പുഴയില്‍ കെഎംആര്‍ഇഎല്‍ ഭൂമി വാങ്ങിയതില്‍ ദുരൂഹതയുണ്ട്. 83 ലക്ഷം ടണ്‍ മണല്‍ 1000 ദിവസത്തിനുള്ളില്‍ അവിടെ നിന്നുനീക്കിയെന്നാണ് വിവരം. 40,000 കോടി രൂപയുടെ മണല്‍ ഖനനം ചെയ്തുവെന്നാണ് സൂചന. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് മണല്‍ നീക്കം നടത്തിയതെന്ന് പറഞ്ഞിട്ടും വ്യവസായ വകുപ്പോ ജലവിഭവ വകുപ്പോ സര്‍ക്കാര്‍ ഏജന്‍സികളോ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റോ മറുപടി നല്‍കിയില്ല.

സിഎംആര്‍എല്ലിന്റെ ലീസ് മുന്നോട്ട് പോകാതെ വന്നപ്പോള്‍ 51 ഏക്കര്‍ വിലയ്ക്ക് വാങ്ങി ഖനനത്തിന് ശ്രമിച്ചു. എന്നാല്‍ മിച്ചഭൂമിയാണെന്ന് കണ്ടെത്തുകയും കമ്ബനിക്ക് ഒഴിവ് നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്ത് നല്‍കുകയും ചെയ്തിരുന്നു.

അതിനിടെ, കമ്ബനി രണ്ട് തവണ പുനഃപരിശോധന അപേക്ഷ നല്‍കിയെങ്കിലും അന്നത്തെ സര്‍ക്കാര്‍ മടക്കി. ഇതോടെ പുതിയ പ്രൊജക്ടുമായി കമ്ബനി പിണറായി വിജയനെ സമീപിക്കുകയാണ്. ടൂറിസം മേഖലയും സോളാര്‍ പ്ലാന്റുമായി ബന്ധപ്പെട്ടും വനിതാ സംരംഭവുമായി ബന്ധപ്പെട്ട വ്യവസായവും നടത്താന്‍ 2021 ജൂലായ് അഞ്ചിന് അപേക്ഷ നല്‍കി.

റവന്യൂ വകുപ്പിന്റെ കീഴില്‍ വരുന്നതാണ് ഭൂ പരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. ഇത് മുഖ്യമന്ത്രിയുടെ പരിധിയില്‍ വരുന്നതല്ല. എന്നാല്‍ മുഖ്യമന്ത്രി ഇതില്‍ ഇടപെടുകയും നേരിട്ട് ഫയല്‍ വിളിച്ചുവരുത്തിക്കുകയും ചെയ്തു. മുഖ്യമന്ത്രി നേരിട്ട് ഫയലില്‍ ഇടപെട്ട ശേഷം ഭൂ പരിഷക്‌രണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മുഖ്യമന്ത്രി തന്നെ മന്ത്രിസഭാ യോഗത്തില്‍ മിനിറ്റ്‌സ് വച്ചു. ഇതിനു ശേഷം 15-6-2022ല്‍ ഈ 60 ഏക്കര്‍ സ്ഥലത്തിന് ഇളവ് നല്‍കാന്‍ ടൂറിസം ജില്ലാ മേധാവിയും കെഎസ്‌ഇബിയും, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറും അടങ്ങുന്ന ജില്ലാ സമിതി അനുകൂല അഭിപ്രായം നല്‍കിയതായി ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്ക് ഭൂ പരിഷ്‌കരണ നിയമപ്രകാരമുള്ള ഇളവ് നല്‍കാന്‍ ലാന്‍ഡ് ബോര്‍ഡിന് ശിപാര്‍ശ നല്‍കിയത്. 100 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും സിആര്‍ഇസെഡിന്റെ പരിധിയില്‍ വരില്ലെന്നും സിഎംആര്‍എല്‍ മാനേജ്‌മെന്റും യോഗത്തില്‍ അറിയിച്ചിരുന്നു.

ഈ ഇടപാടുകള്‍ക്കെല്ലാം വഴിയൊരുക്കിയത് മുഖ്യമന്ത്രിയാണ്. വിഷയത്തില്‍ മന്ത്രിമാരായ പി.രാജീവിനേയും എം.ബി രാജേഷിനെയും പരസ്യമായ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post