Kerala NewsLocal NewsPolitics

ഒടുവില്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശവും വന്നു ; കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Keralanewz.com

ന്യൂഡല്‍ഹി: കണ്ണൂരില്‍ സിപിഎം എം.വി. ജയരാജനെ മത്സരിപ്പിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് തീരുമാനം മാറ്റി കെ.

സുധാകരനെ തന്നെ നിര്‍ത്താന്‍ തീരുമാനിച്ചു. എം.വി. ജയരാജന് എതിരാളിയായി ശക്തനായ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരണമെന്ന ചര്‍ച്ചകളാണ് കെ.പി.സി.സി. അദ്ധ്യക്ഷനിലേക്ക് തന്നെ എത്താന്‍ കാരണമായത്. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം കണക്കിലെടുത്താണ് തീരുമാനം.

സുധാകരന്‍ വരുന്നത് ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. സാമുദായിക സമവാക്യങ്ങളും മികച്ച മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ലാത്തതും പരിഗണനയില്‍ വരികയായിരുന്നു. കണ്ണൂരില്‍ സുധാകരന്‍ അല്ലെങ്കില്‍ വിജയ സാധ്യത കുറവെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചതോടെയാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലും ഇക്കാര്യത്തില്‍ വന്നിരിക്കുന്നത്.

കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച്‌ കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് കണക്കാക്കി തന്നെ മത്സരരംഗത്ത് നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പല നേതാക്കളുടേയും പേരുകള്‍ കണ്ണൂര്‍ സീറ്റിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു. മൂന്‍ കെ.എസ്.യു, യൂത്ത്‌കോണ്‍ഗ്രസ് നേതാവായ അഡ്വ. അസഫലിയുടെ പേരും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതെല്ലാം ഒഴിവാക്കി ഇപ്പോള്‍ കെ.സുധാകരന്റെ വിജയസാധ്യതയില്‍ എത്തി നില്‍ക്കുകയാണ് കോണ്‍ഗ്രസ്.

നേരത്തേ മൂന്നാം സീറ്റ് സംബന്ധിച്ച്‌ മുസ്‌ളീംലീഗുമായുള്ള തര്‍ക്കങ്ങള്‍ അവര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ എത്തിച്ചാണ് കോണ്‍ഗ്രസ് തല്‍ക്കാലമായി ശാന്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സുധാകരന്‍ മത്സരിക്കണമെന്ന് പരിഹാരം കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയനേതൃത്വത്തെ അറിയിച്ചത്. കണ്ണൂരിലേക്ക് പല നേതാക്കളുടെ പേരുകളും ഉയര്‍ന്നു വന്നെങ്കിലൂം അതെല്ലാം നേതൃത്വം തള്ളിയിരുന്നു.

Facebook Comments Box