Sat. May 11th, 2024

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ ബി.ജെ.പി. നിശ്ചയിക്കും: ഇടതു സ്ഥാനാര്‍ഥികള്‍ പല്ലു കൊഴിഞ്ഞ സിംഹങ്ങള്‍: കെ. സുരേന്ദ്രന്‍

By admin Feb 26, 2024
Keralanewz.com

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ആരാണെന്നു തീരുമാനിക്കുക ബി.ജെ.പിയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.

സുരേന്ദ്രന്‍ കേരള പദയാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. പി.സി. ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബി.ഡി.ജെ.എസിന് അതൃപ്തിയുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തില്‍ ഒരു തര്‍ക്കവുമില്ല. പി.സി. ജോര്‍ജോ ബി.ഡി.ജെ.എസോ അല്ല സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. ആലത്തൂര്‍ സംവരണമണ്ഡലത്തിലും ബി.ജെ.പി. മത്സരിക്കും.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന പദയാത്രയാണ് നടക്കുന്നത്. തൃശൂരിലെ പദയാത്രയില്‍ സുരേഷ് ഗോപി ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി പങ്കെടുക്കണമെന്നത് നിര്‍ബന്ധമല്ല. ആവശ്യമുള്ള ഇടങ്ങളില്‍ പങ്കെടുക്കേണ്ടവര്‍ ഉണ്ടാകുമെന്നും പറഞ്ഞു. പദയാത്ര ശ്രദ്ധിക്കപ്പെടുന്നില്ലല്ലോ എന്ന ചോദ്യത്തിന് മറ്റുള്ളവരുടെ ജാഥയെക്കുറിച്ച്‌ വേവലാതി കാണുന്നില്ലല്ലോയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫ്. ജാഥ പോയത് ആരെങ്കിലും അറിഞ്ഞോ, ഒരു ജാഥയ്ക്ക് രണ്ടു ക്യാപ്റ്റന്‍മാരെ ആരെങ്കിലും ഇതിനു മുമ്ബ് കണ്ടിട്ടിണ്ടോയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള തീരദേശത്തെ മതതീവ്രവാദികളെ തോളിലിരുത്തിയാണ് പ്രതാപന്‍ സ്‌നേഹയാത്ര നടത്തുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സ്ഥാനാര്‍ഥിയാവാന്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞ പ്രതാപനാണ് ഇപ്പോള്‍ ജാഥ നടത്തുന്നത്. എന്നാല്‍ തോറ്റിട്ടും മത്സരിക്കാന്‍ സുരേഷ് ഗോപി തയ്യാറാവുകയാണുണ്ടായത്. പല്ലു കൊഴിഞ്ഞ സിംഹങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നിശ്ചയിച്ചിട്ടുള്ള സ്ഥാനാര്‍ഥികളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവരുടെ സ്ഥാനാര്‍ഥിത്വം മഹാസംഭവമാണെന്നാണ് ചിലരുടെ പ്രചാരണം.
കുഞ്ഞാലിക്കുട്ടിയുമൊത്ത് അഴിമതി നടത്തിയ എളമരം കരീമിനെപ്പോലെയുള്ള അഴിമതിക്കാരാണ് രംഗത്തുള്ളത്. ജി. സുധാകരനു കൂടി സീറ്റ് നല്‍കേണ്ടതായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥികള്‍ പ്രതീക്ഷയ്ക്കു വക നല്‍കാത്തവരാണ്. എല്‍.ഡി.എഫിനെ നേരിടാന്‍ ത്രാണിയില്ലാത്തവരാണ് യു.ഡി.എഫ്. അവരുടെ കഴിവുകേടുകൊണ്ടാണ് പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മകള്‍ക്കും തനിക്കുമെതിരേ അന്വേഷണം നടക്കുന്നതിന്റെ അങ്കലാപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിയേയേും സര്‍ക്കാരിനെയും സ്വന്തം താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് പിണറായി ഉപയോഗിക്കുന്നത്. കരുവന്നൂര്‍ കേസന്വേഷണത്തില്‍ ജില്ലയില്‍ മാത്രം 32 സംഘങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചതായി കണ്ടിട്ടുണ്ടെന്നു സുരേന്ദ്രന്‍ ആരോപിച്ചു. കൊടകര കുഴല്‍പ്പണക്കേസ് എന്ന ഒരു കേസേയില്ലെന്നും അത്തരത്തില്‍ ഒരു എഫ്.ഐ.ആര്‍. ഇല്ലെന്നും കുഴല്‍പ്പണക്കേസില്‍ പ്രതിയാണോയെന്നും പിണറായിയുമായി ഒത്തുതീപ്പുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി പറഞ്ഞു. അതൊരു കവര്‍ച്ചക്കേസു മാത്രമാണ്. അതില്‍ തങ്ങള്‍ക്ക് പിണറായിയുടെ സഹായം ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post