Kerala NewsLocal NewsPolitics

മുസ്‌ളീംലീഗിന്റെ മൂന്നാം സീറ്റുമായി ബന്ധപ്പെട്ട വാദം ; തീരുമാനങ്ങള്‍ നാളെ പ്രഖ്യാപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Keralanewz.com

മലപ്പുറം: മുസ്‌ളീംലീഗ് മൂന്നാം സീറ്റുമായി ബന്ധപ്പെട്ട വാദം യുഡിഎഫില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കെ തീരുമാനങ്ങള്‍ നാളെ പ്രഖ്യാപിക്കുമെന്ന് മുസ്‌ളീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.

ഉഭയകക്ഷി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ ധരിപ്പിക്കാനാണ് യോഗം ചേര്‍ന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

നാളെ നേതൃയോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അന്തിമതീരുമാനം തങ്ങള്‍ എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് നിര്‍ദേശത്തില്‍ അന്തിമ തീരുമാനം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും നാളെ വിശദമായ യോഗം ചേരുമെന്നും ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലോ രാജ്യസഭാ തിരഞ്ഞെടുപ്പിലോ പ്രാതിനിധ്യം ആവശ്യപ്പെട്ട് നേരത്തെ യൂത്ത് ലീഗ് നേതൃത്വം മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേതൃയോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഈ കൂടിക്കാഴ്ച. രാജ്യസഭയോ ലോക്‌സഭയോ എന്നതല്ല പ്രാതിനിധ്യം ആണ് ആവശ്യപ്പെട്ടതെന്നും മുനവറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ലോക്‌സഭാ സീറ്റില്‍ ഏതെങ്കിലുമോ പുതിയതായി ലഭിക്കാന്‍ സാധ്യത കണക്കാക്കുന്ന രാജ്യസഭ സീറ്റോ നല്‍കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ പരിഗണിക്കണമെന്നും യൂത്ത് ലീഗിന് ആവശ്യപ്പെടുന്നുണ്ട്. സിറ്റിങ്ങ് എം പിമാര്‍ മാറുകയാണെങ്കില്‍ കെ എം ഷാജിയെ പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. ആവശ്യത്തില്‍ മുസ്ലിം ലീഗ് നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും മുനവറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

Facebook Comments Box