സിപിഐയ്ക്ക് സ്‌പേസ് നല്‍കണം ; രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിച്ചേക്കില്ല ; കര്‍ണാടകയോ തെലുങ്കാനയോ തെരഞ്ഞെടുത്തേക്കും
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് വിട്ടേക്കും. അമേഠിക്ക് പുറമേ രണ്ടാം മണ്ഡലമായി രാഹുല്‍ കര്‍ണാടകത്തിലെയോ തെലുങ്കാനയിലെയോ സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്ന് എടുത്തേക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ബിജെപിയ്ക്ക് എതിരേയുള്ള ഇന്ത്യാസഖ്യത്തില്‍ സിപിഐ കൂടി ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ വയനാട്ടിലെ സിപിഐ യുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കാതിരിക്കാനാണ് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും നീക്കമെന്നാണ് സൂചനകള്‍.
വയനാട്ടില്‍ ദേശീയനേതാവ് ആനിരാജയെ മത്സരിപ്പിക്കാനാണ് സിപിഐ തീരുമാനം എടുത്തിരിക്കുന്നത്. രാഹുല്‍ മത്സരിച്ചാലും ശക്തമായ മത്സരം നല്‍കുമെന്നായിരുന്നു ആനിരാജ നേരത്തേ പ്രതികരിച്ചിരുന്നത്. നേരത്തേ സോണിയാഗാന്ധിയെ മത്സരിപ്പിക്കാന്‍ തെലുങ്കാന നേതാക്കള്‍ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും സോണിയയെ രാജസ്ഥാനില്‍ നിന്നും രാജ്യസഭയില്‍ എത്തിക്കുകയായിരുന്നു കോണ്‍ഗ്രസ്. അതേസമയം തന്നെ വയനാട് പോലൊരു സുരക്ഷിത മണ്ഡലം രാഹുലിനായി കോണ്‍ഗ്രസ് കണ്ടെത്തും.
അതേസമയം മുസ്‌ളീം വോട്ടുഷെയര്‍ ഏറെയുള്ള വയനാട് സീറ്റ് മുസ്‌ളീംലീഗിന് താല്‍പ്പര്യമുണ്ടായിരുന്നു. അവര്‍ മൂന്നാംസീറ്റിനായി ശ്രമം നടത്തിയെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ല. നേരത്തേ ആനിരാജ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ഇന്ത്യന്‍ സഖ്യത്തിന് ഗുണകരമല്ലെന്ന വിലയിരുത്തല്‍ സിപിഐ ദേശീയ നേതൃത്വം വിലയിരുത്തിയത്. അതേസമയം ഈ മാസം ആദ്യം നടന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോണ്‍ഗ്രസ് വയനാട് വിടാന്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞിരുന്നു.