Kerala NewsLocal NewsNational NewsPolitics

ഇത്തവണ ബി.ജെ.പിക്ക്‌ കേരളത്തില്‍ രണ്ടക്ക സീറ്റ്‌: പ്രധാനമന്ത്രി

Keralanewz.com

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ഇരട്ട അക്കത്തില്‍ ബി.ജെ.പിക്ക്‌ വോട്ട്‌ വിഹിതം നല്‍കിയെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അത്‌ ഇരട്ട അക്കത്തില്‍ സീറ്റായി മാറുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

വോട്ടിന്റെ അടിസ്‌ഥാനത്തിലല്ല കേന്ദ്രസര്‍ക്കാര്‍ കേരളത്തെ കാണുന്നത്‌. കേരളത്തോട്‌ കേന്ദ്രം അവഗണന കാട്ടിയിട്ടില്ല. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്ബത്തിക ശക്‌തിയായി ഉയര്‍ത്തുമെന്നും അതാണ്‌ മോദിയുടെ ഗ്യാരന്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി.ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി ചടങ്ങില്‍ ബി.ജെ.പിയില്‍ ലയിച്ചു. സംസ്‌ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതിരുന്നിട്ടും കേന്ദ്രം കേരളത്തിനു മുന്തിയപരിഗണന നല്‍കുന്നുണ്ടെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ്‌ മുന്നണി നാടിനെ പതിറ്റാണ്ടുകളായി ഒറ്റ കുടുംബത്തിനായി അടിയറവ്‌ വച്ചു. കുടുംബത്തിന്റെ താല്‍പര്യമായിരുന്നു ജനങ്ങളുടെ താല്‍പര്യത്തേക്കാള്‍ കോണ്‍ഗ്രസിനു വലുത്‌. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യ മാര്‍ഗത്തിലാണ്‌ സി.പി.എമ്മും നീങ്ങുന്നത്‌. കേരളം വിട്ടാല്‍ കോണ്‍ഗ്രസും സി.പി.എമ്മും അടുത്ത സുഹൃത്തുക്കളാണ്‌. തിരുവനന്തപുരത്ത്‌ പറയുന്ന ഭാഷയും രീതികളുമല്ല ഡല്‍ഹിയിലെത്തിയാല്‍. അതിനു കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കും. കോണ്‍ഗ്രസും കമ്യൂണിസ്‌റ്റും കേരളത്തെ അഴിമതിയുടെയും അക്രമത്തിന്റെയും നാടാക്കി. എങ്ങനെ ആളുകളെ തമ്മിലടിപ്പിച്ച്‌ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാമെന്നാണ്‌ ഇരു മുന്നണികളും നോക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബി.ജെ.പി കേരളത്തെയോ മറ്റു സംസ്‌ഥാനങ്ങളെയോ വോട്ടിന്റെ അടിസ്‌ഥാനത്തില്‍ കണ്ടിട്ടില്ല. ബി.ജെ.പി.ദുര്‍ബലമായിരുന്ന കാലത്തും കേരളത്തെ ശക്‌തിപ്പെടുത്തുന്നതില്‍ പാര്‍ട്ടി പങ്കാളികളായിരുന്നു. കേരളം ഇത്തവണ എന്‍.ഡി.എയ്‌ക്ക്‌ പിന്തുണ നല്‍കും. മോദിയുടെ മൂന്നാം സര്‍ക്കാര്‍ വരുമെന്ന ചര്‍ച്ചകള്‍ രാജ്യത്ത്‌ നടക്കുന്നു. ഇന്ത്യ മൂന്നാമത്തെ സാമ്ബത്തിക ശക്‌തിയായി മാറും. അതാണ്‌ മോദിയുടെ ഗ്യാരന്റി. മോദിയുടെ വികസന രാഷ്‌ട്രീയമാണ്‌ കേരളത്തില്‍ ജയിക്കാന്‍ പോകുന്നതെന്ന്‌ കെ.സുരേന്ദ്രന്‍ പറഞ്ഞു. മോദിയുടെ ഗ്യാരന്റിയാണ്‌ കേരളം ചര്‍ച്ച ചെയ്യുന്നത്‌. മാസപ്പടിക്കാരുടെ കയ്യില്‍നിന്ന്‌ കേരളത്തെ മോചിപ്പിക്കാന്‍ നരേന്ദ്രമോദിക്കേ കഴിയൂ എന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Facebook Comments Box