Kerala NewsLocal NewsNational NewsPolitics

2035 ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി സ്്‌പേസ് സ്‌റ്റേഷന്‍: പ്രധാനമന്ത്രി

Keralanewz.com

ന്യുഡല്‍ഹി: ഇന്നത്തെ ഇന്ത്യയില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ഗഗന്‍യാന്‍ ഹ്യൂമന്‍ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം പ്രഖ്യാപിച്ച ശേഷം തുമ്ബ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ സംസാരിക്കുകയായിരുന്നു മോദി.

ഗഗന്‍യാന്‍ സഞ്ചാരികളായ ബഹിരാകാശ യാത്രികരെ രാജ്യത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. രാജ്യത്തിന് മുഴുവന്‍ വേണ്ടി അവരെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇവര്‍ ഇന്നത്തെ ഇന്ത്യയുടെ അഭിമാനമാണെന്ന് മോദി പറഞ്ഞു.

ഐഎസ്‌ആര്‍ഒയില്‍ ഇന്ന് സുപ്രധാന പദവികളെല്ലാം വഹിക്കുന്നത് സ്ത്രീകളാണ്. ഇത് സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച ഉദാഹരണമാണ്. 500 ലേറെ വനിതകളാണ് സമുന്നത പദവികളിലിരിക്കുന്നത്. നമ്മുടെ സ്‌പേസ് സെക്ടറിലും വനിതകളുടെ കരുത്ത് സുപ്രധാനമായിരിക്കുകയാണ്. വനിതാ ശാസ്ത്രജ്ഞരില്ലാതെ ഇത് പ്രായോഗികമല്ല.

2035 ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി സ്‌പേസ് സ്‌റ്റേഷന്‍ ബഹിരാകാശത്തുണ്ടാകും. ഇത് ബഹിരാകാശത്തിന്റെ ഇതുവരെ അജ്ഞാതമായിരിക്കുന്ന വിശാലതയെ കുറിച്ച്‌ പഠിക്കാന്‍ സഹായിക്കും. ഈ അമൃത്കാലത്ത്, ഇന്ത്യയുടെ ബഹിരാകാശ യാത്രികര്‍ നമ്മുടെ സ്വന്തം റോക്കറ്റില്‍ ചന്ദ്രനലിറങ്ങും.

21ാം നൂറ്റാണ്ടില്‍ ഇന്ത്യ നമ്മുടെ സാമര്‍ഥ്യം കൊണ്ടുകൊണ്ട് തന്നെ ലോകത്തെ അതിശയിപ്പിക്കും. സ്‌പേസ് സെക്ടറിലെ ഈ നേട്ടം രാജ്യത്തെ ചെറുപ്പക്കാരിലെ ശാസ്ത്ര അവബോധത്തിന് വിത്തുപാകുക മാത്രമല്ല ചെയ്യുന്നത്, 21ാം നൂറ്റാണ്ടില്‍ ആഗോള ശക്തിയായി മാറാന്‍ ഇന്ത്യയെ സഹായിക്കുക കൂടിയാണ്.

ഓരോ രാജ്യത്തിന്റെയും വികസന യാത്രയില്‍ ചില നിമിഷങ്ങള്‍ ഉണ്ട്. ഇന്ത്യയുടെ ഭാവി നിര്‍വചിക്കുന്ന നിമിഷങ്ങളാണവയെന്നും മോദി പറഞ്ഞു. ട്രൈസോണിക് വിന്‍ ടണല്‍, തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയില്‍ നടപ്പാക്കുന്ന ഐഎസ്‌ആര്‍ഒയുടെസെമി-ക്രയോജനിക് ഇന്റഗ്രേറ്റഡ് എന്‍ജിന്‍ ആന്റ്് സ്‌റ്റേജ് ടെസ്റ്റ് ഫസിലിറ്റി, ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നടപ്പാക്കുന്ന പിഎസ്‌എല്‍വിയുടെ ഇന്റമഗ്രഷന്‍ ഫസിലിറ്റി എന്നിവയുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.

Facebook Comments Box