Kerala NewsLocal NewsPolitics

ആറ്റിങ്ങലിന്റെ വികസനത്തിന് മോദിയെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമാണ് ചര്‍ച്ചാവിഷയം: വി.മുരളീധരന്‍

Keralanewz.com

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാനുള്ളത് ഒറ്റ കാര്യമേയുള്ളു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്യം മുഴുവന്‍ തീരുമാനമെടുത്തുകഴിഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ വികസനത്തിന് നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥി വേണമോ വേണ്ടയോ എന്നത് മാത്രമാണ് ചര്‍ച്ച. അതിനപ്പുറത്ത് ഒരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാനാവില്ല. മാസപ്പടി വിഷയത്തില്‍ ഒരാഴ്ച മിണ്ടാതെ ഇരുന്നതിന് അദ്ദേഹമാണ് മറുപടി പറയേണ്ടത്. പ്രതിപക്ഷ നേതാവ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി നടത്തുന്ന ഒത്തുതീര്‍പ്പുകളെ കുറിച്ചാണ് ആദ്യം മറുപടി പറയേണ്ടത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ എന്തുകൊണ്ട് ഈ കേസില്‍ ഒരു സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നില്ല. ആരാണ് ഇവിടെ ഒത്തുതീര്‍പ്പ് നടത്തുന്നതെന്ന് അദ്ദേഹത്തിന് അറിയാം. അത് മറച്ചുപിടിക്കാന്‍ അദ്ദേഹം ഒരു മുഴം മുന്നേ എറിയുകയാണ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ ഇടനിലക്കാരനാണ് വി.മുരളീധരനെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സഖ്യത്തില്‍ ഇവര്‍ ഒരുമിച്ചാണ്. നരേന്ദ്ര മോദി പിണറായി വിജയനുമായി ഒത്തുതീര്‍പ്പിന് പോകുന്ന ആളാണെന്ന് സതീശനല്ല ഈ ലോകത്ത് ആരു പറഞ്ഞാലും ജനം വിശ്വസിക്കാന്‍ പോകുന്നില്ല. ഒത്തുതീര്‍പ്പിന് പോകുന്ന ആളാണെങ്കില്‍ മോദി ഇന്നലെ ഈ പ്രസംഗം നടത്തില്ലായിരുന്നു. കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയുടെ രാഷ്ട്രീയം കേരളത്തിലും വന്നിരിക്കുന്നുവെന്ന് മോദി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ വന്നാണ് പറഞ്ഞത്. സതീശന്‍ ഇതുവരെ അത് പറയാന്‍ ധൈര്യം കാണിച്ചിട്ടില്ല.

തീവ്രവാദികളുടെ തലസ്ഥാനമായി കേരളം മാറുന്നുവെന്നല്ല, കേരളമാണ് തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും ഏറെ സൗകര്യമുള്ള സ്ഥലമായി മാറുന്നു. ഇത് പറയുന്നത് താനല്ല, കോഴിക്കോട് ജനശതാബ്ദി തീവയ്പ് കേസില്‍ അറസ്റ്റിലായ പ്രതി പറഞ്ഞതാണ്. മഹാരാഷ്ട്രയില്‍ നിന്ന് ഇവിടെ വന്ന് തീവച്ചത് രക്ഷപ്പെടാന്‍ ഏറ്റവും എളുപ്പമുള്ള സ്ഥലമാണിതെന്നതിനാലാണെന്ന് അയാള്‍ പറഞ്ഞതാണ്. ഐ.എസ് കേസിലെ പ്രതി തിരുവനന്തപുരം നഗരത്തിലൂടെ പോലീസ് സ്റ്റിക്കര്‍ വച്ച വാഹനത്തില്‍ സഞ്ചരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

Facebook Comments Box