Mon. Apr 29th, 2024

കേരള സര്‍ക്കാരിനു നേട്ടം, ഗവര്‍ണര്‍ക്ക് തിരിച്ചടി; ലോകായുക്‌ത ബില്ലിന്‌ രാഷ്‌ട്രപതിയുടെ അംഗീകാരം

By admin Feb 29, 2024
Keralanewz.com

കോട്ടയം: ലോകായുക്‌ത നിയമഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഒപ്പിട്ടു. ഗവര്‍ണര്‍ രാഷ്‌ട്രപതിക്കു വിട്ട ബില്ലിനാണ്‌ അംഗീകാരം.

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ ലഭിച്ച രാഷ്‌ട്രപതിയുടെ അംഗീകാരം സംസ്‌ഥാന സര്‍ക്കാരിനു നേട്ടമായി.

പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ ഔദ്യോഗിക സ്‌ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു ലോകായുക്‌തയ്‌ക്കു വിധിക്കാനാവുന്ന പതിനാലാം വകുപ്പാണ്‌ ബില്ലിലൂടെ ഭേദഗതി ചെയ്‌തത്‌. ബന്ധു നിയമനക്കേസില്‍ കെ.ടി. ജലീലിനു മന്ത്രിസ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നത്‌ ഇങ്ങനെയായിരുന്നു. ബില്‍ നിയമമായതോടെ, ഇനി ലോകായുക്‌ത ആരെയെങ്കിലും അഴിമതിക്കാരനായി തീര്‍പ്പുകല്‍പിച്ചാല്‍, അതില്‍ മുഖ്യമന്ത്രിക്കും നിയമസഭയ്‌ക്കും നിയമന അധികാരിക്കും മറിച്ചു തീരുമാനമെടുക്കാം.

ഗവര്‍ണറുടെ അപ്പലേറ്റ്‌ അധികാരവും ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരേ ലോകായുക്‌ത വിധിയുണ്ടായാല്‍ ഗവര്‍ണറല്ല, നിയമസഭയായിരിക്കും അപ്പലേറ്റ്‌ അതോറിറ്റി. മന്ത്രിമാര്‍ക്കെതിരായ വിധികളില്‍ മുഖ്യമന്ത്രിയും എം.എല്‍.എമാര്‍ക്കെതിരായ വിധിയില്‍ സ്‌പീക്കറുമായിരിക്കും അപ്പലേറ്റ്‌ അതോറിറ്റി. നിയമസഭ 2022 ഓഗസ്‌റ്റിലാണ്‌ ലോകായുക്‌ത ഭേദഗതി ബില്‍ പാസാക്കിയത്‌. ഈ വര്‍ഷം ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ബില്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കു വിട്ടു.

ലോകായുക്‌ത അന്വേഷണ സംവിധാനമാണ്‌, നീതീന്യായ കോടതിയല്ല എന്നായിരുന്നു സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്‌. ബില്‍ അവതരിപ്പിച്ച നിയമമന്ത്രി പി. രാജീവ്‌ ഇക്കാര്യം വ്യക്‌തമാക്കിയിരുന്നു. ജുഡീഷ്യറിയുടെ മുകളില്‍ എക്‌സിക്യൂട്ടീവ്‌ വരുന്ന സംവിധാനമാണു സര്‍ക്കാര്‍ ലക്ഷ്യമെന്നായിരുന്നു പ്രതിപക്ഷ നിലപാട്‌. ലോകായുക്‌തയുടെ നിലനില്‍പ്പിനു ഭീഷണിയാണെന്നു വിലയിരുത്തിയാണ്‌ ഗവര്‍ണര്‍ ബില്ലിന്‌ അംഗീകാരം നല്‍കാതിരുന്നത്.

ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരേ കേരളം നല്‍കിയ കേസ്‌ പരിഗണിക്കുന്നതിന്റെ തലേ ദിവസമാണ്‌ ഗവര്‍ണര്‍ ബില്‍ രാഷ്‌ട്രപതിക്ക്‌ അയച്ചത്‌.

Facebook Comments Box

By admin

Related Post