Wed. May 15th, 2024

ലോകത്തിലെ ഏറ്റവും ആഢംബ ട്രെയിൻ ഇനി വിവാഹത്തിനും! പാലസ് ഓണ്‍ വീല്‍സില്‍ കല്യാണം മുതല്‍ മീറ്റിങ് വരെ

By admin Feb 29, 2024
Keralanewz.com

തീവണ്ടിയില്‍ വെച്ച്‌ കല്യാണം… ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങില്‍ പുതുമകള്‍ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപക്ഷേ, ഇതൊരു സംഭവമായിരിക്കില്ല!

എന്നാല്‍ ലോകത്തിലെ എണ്ണം പറഞ്ഞ ആഢംബര ട്രെയിനുകളില്‍ ഒന്നില്‍ വെച്ച്‌ വിവാഹം നടത്താമെന്ന് അറിഞ്ഞാലോ… അതെ ഞെട്ടരുത്! പാലസ് ഓണ്‍ വീല്‍സ് എന്ന ആഢംബര ട്രെയിനില്‍ ഇനി യാത്ര മാത്രമായിരിക്കില്ല..

ഒരു രാത്രി ചെലവഴിക്കാന്‍ ലക്ഷങ്ങള്‍ മുടക്കേണ്ടി വരുന്ന പാലസ് ഓണ് വീല്‍സ് ട്രെയിൻ ടൂറുകള്‍ കൂടാതെ വ്യത്യസ്ത പദ്ധതികളുമായി വരാനുള്ള തയ്യാറെടുപ്പിലാണ്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്, കോർപ്പറേറ്റ് മീറ്റിങ്ങുകള്‍, വെഡ്ഡിങ് ഫോട്ടോഷൂട്ട് തുടങ്ങിയവയ്ക്ക് രാജസ്ഥാൻ സംസ്ഥാന സർക്കാർ അനുമതി നല്കിക്കഴിഞ്ഞു. ആഭ്യന്തര അന്താരാഷ്ട്ര വിനോദസ‍ഞ്ചാര രംഗത്ത് രാജസ്ഥാനെ പ്രധാന ഇടങ്ങളിലൊന്നായി മാറ്റാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമാണിത്.

ഇന്ത്യയിലെ ആദ്യ വിനോദ സഞ്ചാര ട്രെയിൻ ആയ പാലസ് ഓണ്‍ വീല്‍സ് രാജസ്ഥാൻ ടൂറിസം വകുപ്പിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ റെയില്‍വേയുമായി സഹകരിച്ചുള്ള പദ്ധതിയാണിത്. രാജസ്ഥാനിലെ നാട്ടുരാജ്യങ്ങളുടെ പേരില്‍ അറിയപ്പെടുന്ന കോച്ചുകളും അതിലെ സൗകര്യങ്ങളുമാണ് പ്രധാനം. ഈ സീസണ്‍ ആരംഭത്തോടെ കല്യാണാവശ്യങ്ങള്‍ക്കായി പാലസ് ഓണ്‍ വീല്‍സ് നല്കുവാനാണ് തീരുമാനം. പാക്കേജുകളുടെയും തിയതികളുടെയും വിവരങ്ങള്‍ ഉടൻ പുറത്തുവിടും.

രാജസ്ഥാൻ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്ന രീതിയിലേക്ക് മാറിയിട്ട് കുറഞ്ഞ വർഷങ്ങളായതേയുള്ളൂ. സെലബ്രിറ്റി വിവാഹങ്ങളാണ് രാജസ്ഥാനിലെ കൊട്ടാരങ്ങളെ ഈ രീതിയിലേക്ക് മാറ്റിയത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള പല വമ്ബൻ വിവാഹങ്ങള്‍ക്കും രാജസ്ഥാനിലെ പ്രത്യേകിച്ച്‌ ഉദയ്പൂരിലെ കൊട്ടാരങ്ങള്‍ വേദിയായിട്ടുണ്ട്.

കോട്ടകളും കൊട്ടാരങ്ങളും മാത്രമല്ല, ഇവിടുത്തെ സംസ്കാരവും വൈവിധ്യവും ലൊക്കേഷനുകളുടെ പ്രത്യേകതയും കൂടുതല്‍ ഇവിടെ ശ്രദ്ധ ആകർഷിക്കുന്നു. പാലസ് ഓണ്‍ വീല്‍സില്‍ ഡെസ്റ്റിനേഷൻ വെഡ്ഡിങ് വരുന്നതോടെ രാജസ്ഥാൻ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ , ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലും ടൂറിസത്തിലും പ്രത്യേക സ്ഥാനം നേടും.

ഏറ്റവും ആഢംബര സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. 39 ഡീലക്സ് ക്യാബിനുകളും 2 സൂപ്പർ ഡീലക്സ് ക്യാബിനുകളും ഇതിലുണ്ട്. ആകെ 82 പേർക്കാണ് ഒരു സമയം യാത്ര ചെയ്യാൻ സാധിക്കുന്നത്. മഹാരാജ, മഹാറാണി എന്ന പേരില്‍ രണ്ട് റെസ്റ്റോറന്റുകള്‍, ഒരു ബാർ കം ലോഞ്ച്, 14 സലൂണുകള്‍, ഒരു സ്പാ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്. ഓരോ കോച്ചിലും ആഡംബര സൗകര്യങ്ങളും വൈഫൈയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നില്‍ക്കുന്ന പാക്കേജാണ് പാല് ഓണ്‍ വീല്‍സിനുള്ളത്. ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് ആരംഭിക്കുന്ന യാത്ര ജയ്പ്പൂര്‍, സവായ് മധോപ്പൂര്‍, ചിറ്റോര്‍ഗഡ്, ഉദയ്പ്പൂര്‍, , ജയ്‌സാല്‍മിര്‍, ജോധ്പ്പൂര്‍, ഭരത്പ്പൂര്‍, ആഗ്ര എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുന്നത്. 3000 കിലോമീറ്ററിലധികം ദൂരം ഈ ട്രെയിന്‍ സഞ്ചരിക്കും

സെപ്റ്റംബർ 2023 മുതല്‍ ഏപ്രില്‍ 2024 വരെ ലോ സീസണ്‍ ആണ്. അതിനാല്‍ ടിക്കറ്റ് നിരക്ക് കുറവായിരിക്കും ഈ സമയത്ത്. ലോ സീസണില്‍ സിംഗിള്‍ ഒക്യുപൻസിയില്‍ ഡീലക്സ് ക്യാബിന് 489510 രൂപയും നികുതിയും ഡബിള്‍ ഒക്യുപൻസിയില്‍ 598808 രൂപയും നികുതിയും സൂപ്പർ ഡീലക്സ് ക്യാബിനില്‍ 808080 രൂപയും നികുതിയുമാണ് നിരക്ക്. യാത്രയിലെ ഭക്ഷണം, റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ബസ് സർവീസ് തുടങ്ങിയ ചെലവുകളും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നു.

Facebook Comments Box

By admin

Related Post