Kerala NewsLocal NewsPolitics

വിവാദ പരാമര്‍ശം ; ബി.ജെ.പി വയനാട് ജില്ല പ്രസിഡന്റിനെ മാറ്റി

Keralanewz.com

കല്‍പറ്റ: ബി.ജെ.പി വയനാട് ജില്ല പ്രസിഡന്‍റിനെ മാറ്റി. പുല്‍പള്ളിയിലെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് കെ.പി.

മധുവിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയത്.

ബി.ജെ.പി ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന് പകരം ചുമതല നല്‍കി. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായാണു പൊലീസ് കേസെടുക്കുന്നതെന്നും പുല്‍പള്ളി പ്രതിഷേധ സമരം തീവ്രമാകാന്‍ കാരണം ളോഹയിട്ട ചിലരാണെന്നും പുല്‍പള്ളിയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ പരാമർശം നടത്തിയിരുന്നു. പാര്‍ട്ടിക്കകത്തും പുറത്തും പരാമർശം വലിയ വിമർശനത്തിന് ഇടയാക്കി.

മധുവിന്റെ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ മധു തിരുത്തുമായി രംഗത്തുവന്നെങ്കിലും കനത്തപ്രതിഷേധത്തിനൊടുവിലാണ് നേതൃത്വത്തിന്റെ നടപടി. വിഷയത്തില്‍ കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന നേതൃത്വം മധുവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തെരഞ്ഞെടുപ്പ് കൂടി അടുത്തുനില്‍ക്കെ വിവാദ പരാമര്‍ശം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടിയുടെ നടപടി.

Facebook Comments Box