Kerala NewsLocal NewsPolitics

‘ഇന്‍തിഫാദ’ വിലക്കിയ വിസിക്കെതിരേ വിദ്യാഭ്യാസമന്ത്രി

Keralanewz.com

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ വൈസ് ചാന്‍സലര്‍ ഡോ.

മോഹന്‍ കുന്നുമ്മലിനെതിരേ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇന്ത്യയില്‍ രാഷ്ട്രീയം പറയരുതെന്നുപറയാന്‍ ആര്‍ക്കാണ് അധികാരമെന്നും ജനാധിപത്യത്തില്‍ എല്ലാം രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കലോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്ബോഴും ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്ബോഴും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടി എക്കാലത്തും നിലകൊണ്ടത് ചെറുപ്പക്കാരാണ്. മാറ്റത്തിന്റെ പ്രതീകമാണ് ചെറുപ്പക്കാര്‍. അവര്‍ സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങളില്‍ രാഷ്ട്രീയം പറയാതെ പോകുന്നത് എങ്ങനെ? ഫലസ്തീനില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി നടത്തുകയാണ്. എത്ര പിഞ്ചുകുഞ്ഞുങ്ങളാണ് മരിച്ചുവീഴുന്നത്. നാമത് ഇവിടെയല്ലാതെ എവിടെ പറയും. അക്കാര്യം ഉറക്കെ വിളിച്ചുപറയാന്‍ നിങ്ങള്‍ കാട്ടുന്ന ധൈര്യമാണ് മനുഷ്യരാശിയുടെ ഭാവി. ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒരിറ്റു കണ്ണീര്‍ കേരളത്തില്‍ ഒരു യുവജനോത്സവ വേദിയില്‍ വീഴുന്നുണ്ടെങ്കില്‍ എന്റെ പ്രിയപ്പെട്ട ചെറുപ്പക്കാരേ, നിങ്ങള്‍ ഹൃദയമുള്ളവരാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെത്തന്നെയാണ് നമ്മള്‍ നില്‍ക്കേണ്ടത് -മന്ത്രി പറഞ്ഞു.

തുടര്‍ന്ന്, മുഖ്യപ്രഭാഷണത്തിനായി വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ എഴുന്നേറ്റതോടെ, എസ്.എഫ്.ഐ പ്രവര്‍ത്തകരും ഒരുവിഭാഗം വിദ്യാര്‍ഥികളും സദസ്സില്‍നിന്ന് ഇറങ്ങിപ്പോയി. ഇതില്‍ അമര്‍ഷം രേഖപ്പെടുത്തിയ വി.സി, വിവാദങ്ങള്‍ക്കും മന്ത്രിയുടെ വിമര്‍ശനത്തിനും നേരിട്ട് മറുപടി പറയാന്‍ തയാറായില്ല. പകരം കഞ്ചാവുള്‍പ്പെടെ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്ബോള്‍ ലഭിക്കുന്ന ഉത്തേജനം നല്ല കലയിലൂടെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്‍തിഫാദ’ എന്ന പേര് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയതോടെയാണ് പേര് നീക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്. കലോത്സവം പ്രതിഷേധത്തിനുള്ള സ്ഥലമല്ലെന്നായിരുന്നു വി.സിയുടെ നിലപാട്. പേരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി. വി.സിയുടെ നടപടിയെ തുടര്‍ന്ന് ഹൈകോടതി ഹരജിയിന്മേലുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയും കലോത്സവ വേദികളിലും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന ഇന്‍തിഫാദ ബോര്‍ഡുകള്‍ കോളജ് യൂനിയന്‍ നീക്കുകയും ചെയ്തിരുന്നു

Facebook Comments Box