Kerala NewsLocal NewsPolitics

ഡീന്‍ കുര്യാക്കോസിനെതിരേ നടത്തിയ വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നു ; കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെയെന്ന് എംഎം മണി

Keralanewz.com

ഇടുക്കി: ഡീന്‍ കുര്യാക്കോസിനെതിരേ നടത്തിയ വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും കേസുകളെ ഭയക്കുന്നില്ലെന്നും സിപിഎം സംസ്ഥാനകമ്മറ്റിയംഗം എംഎം മണി.

താന്‍ പറയുന്നത് തന്റേതായ രീതിയിലും ശൈലിയിലുമാണെന്നും അത് മാറ്റാന്‍ പറ്റില്ലെന്നും തന്നെയും ആള്‍ക്കാര്‍ വിമര്‍ശിക്കുന്നില്ലേയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എംഎം മണി ചോദിച്ചു.

ഡീനെതിരേ പരാമര്‍ശം നടത്തിയ പ്രസംഗത്തില്‍ ഖേദമില്ലെന്നും തിരുത്താനുമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ കേസെടുക്കാമെന്നും പറഞ്ഞു. കേസെടുത്താന്‍ നിയമപരമായി തന്നെ നേരിടുമെന്നും വാക്കുകളുടെ അര്‍ത്ഥമറിഞ്ഞു തന്നെയാണ് വിമര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്ത പ്രസംഗത്തിലും പരാമര്‍ശങ്ങളിലും ഉറച്ചു നില്‍ക്കുന്നതായും പറഞ്ഞു.

ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെയും വിമര്‍ശിച്ചു. എസ് രാജേന്ദ്രന് എല്ലാം നല്‍കിയത് പാര്‍ട്ടിയാണെന്നും രാജേന്ദ്രന്‍ അതു മറന്നത് കൊണ്ടാണ് പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടി വന്നതെന്നും പറഞ്ഞു. താന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് രാജേന്ദ്രനെ ജില്ലാക്കമ്മറ്റിയിലേക്ക് എടുത്തത്. പാര്‍ട്ടി കൊടുത്ത കാര്യങ്ങളെല്ലാം മറന്ന് പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചാല്‍ അത് പിതൃരഹിത പ്രവര്‍ത്തനമെന്നേ പറയാനാകു. അത് ആര് ചെയ്താലും അങ്ങിനെ തന്നെയാണ്. എസ്. രാജേന്ദ്രന്‍ പാര്‍ട്ടിവിട്ടു പോകില്ലെന്നാണ് കരുതുന്നതെന്നും എംഎം മണി പറഞ്ഞു.

Facebook Comments Box