Kerala NewsLocal NewsPolitics

വന്യ മൃഗ നിയമം കൊണ്ടു വന്നത് കോണ്‍ഗ്രസ്‌; ജന ജീവിതങ്ങളെ പരിഗണിക്കാതെ കൊണ്ട് വന്ന നിയമമായിരുന്നു; ഗവര്‍ണറാണ് ഇടുക്കിയില്‍ കര്‍ഷകരെ ദ്രോഹിച്ചത്, ഡീൻ കുര്യാക്കോസ് അതിന് കൂട്ട് നിന്നു: എം വി ഗോവിന്ദൻ

Keralanewz.com

ഇടുക്കി : ഇടുക്കിയില്‍ തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ഇടുക്കിയിലെ കർഷകർക്ക് വേണ്ടി സസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്നായിരുന്നു ഡീൻ കുര്യാക്കോസിന്റെ ആരോപണം.

എന്നാല്‍ സംസ്ഥാന സർക്കാർ വിഷയത്തിലെടുക്കേണ്ട നടപടികളെല്ലാം പൂർത്തിയാക്കിയെന്നും കർഷകർക്ക് ആശ്വാസം നല്‍കാൻ കഴിയുന്ന ഭൂ നിയമ ഭേദഗതി ബില്ലില്‍ ഗവർണർ ഒപ്പിടാത്തതാണ് പ്രശ്ന കാരണമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഗവർണറെ വെള്ളപൂശാനാണ് യുഡിഎഫ് സ്ഥാനാർഥി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവർണർമാരെ നിയമിക്കുമ്ബോള്‍ മുഖ്യമന്ത്രിമാരുമായി കൂടിയാലോചിക്കണം. ആർ എസ് എസിൻ്റെ പ്രതിനിധികളെ യൂണിവേഴ്സിറ്റികളില്‍ നിയമിക്കുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവർണർ രാജ് കൊണ്ടു വരുന്നെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

വന്യ മൃഗ നിയമം കൊണ്ടു വന്നത് കോണ്‍ഗ്രസാണെന്നും ജന ജീവിതങ്ങളെ പരിഗണിക്കാതെ കൊണ്ട് വന്ന നിയമമായിരുന്നു ഇതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പരിമിതമായ സാഹചര്യത്തിലും ഒട്ടേറെ ഇടപെടല്‍ നടത്തി പ്രത്യേക പദ്ധതി രേഖ തയ്യാറാക്കി നല്‍കിയിട്ടും കേന്ദ്രം ഒരു നിലപാടും സ്വീകരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ ഈ നിലപാടിനെതിരെ ഡീൻ കുര്യാക്കേസ് അടക്കമുള്ള കോണ്‍ഗ്രസ് എം പിമാർ മിണ്ടിയിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Facebook Comments Box