Kerala NewsCRIMELocal NewsPolitics

അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട 11 രേഖകളും കേസ് ഫയലിന്റെ ഭാഗമായി സ്വീകരിച്ചു

Keralanewz.com

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയുടെ സേഫ് കസ്റ്റഡിയില്‍നിന്ന് നഷ്ടപ്പെട്ട 11 രേഖകളും വിചാരണക്കോടതി കേസ് ഫയലിന്റെ ഭാഗമായി സ്വീകരിച്ചു.

ഹൈക്കോടതി നിർദേശ പ്രകാരം പ്രോസിക്യൂഷൻ സമർപ്പിച്ച മുഴുവൻ രേഖകളും പ്രതിഭാഗം പരിശോധിച്ച്‌ ബോധ്യപ്പെട്ട ശേഷമാണ് കോടതി ഈ നടപടിയിലേക്ക് കടന്നത്.

കേസ് പ്രാഥമിക വാദത്തിനായി മേയ് 27-നു വീണ്ടും പരിഗണിക്കും. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് വാദം കേള്‍ക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരാവും. കുറ്റപത്രം അടക്കമുള്ള 11 രേഖകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സമാന്തര അന്വേഷണം നടക്കുന്നുണ്ട്.

2018 ജൂലെ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു കുത്തേറ്റ് മരിച്ചത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്‌എഫ്‌ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. കേസില്‍ വര്‍ഷങ്ങള്‍ക്കുശേഷം വിചാരണ തുടങ്ങാനിരിക്കെയായിരുന്നു സെഷന്‍സ് കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായത്. കേസില്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച കുറ്റപത്രവും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടുമുള്‍പ്പെടെയുള്ള 11 രേഖകളായിരുന്നു അപ്രത്യക്ഷമായത്.

Facebook Comments Box