Kerala NewsNational NewsPolitics

ബിജെപിയും, ആർഎസ്എസുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു.പോഷക സംഘടന ഭാരവാഹിത്വം പൂർണമായും ആർഎസ്എസ് ഒഴിയുന്നു.

Keralanewz.com

കോട്ടയം: ദേശീയ തലത്തില്‍ ബന്ധം അകലുന്നതിന് പിന്നാലെ കേരള ബി.ജെ.പിയിലെയും പോഷക സംഘടനകളിലെയും ഭാരവാഹിത്വം പൂർണമായും ഒഴിയാൻ ആർ.എസ്.എസ്.

കേരളത്തില്‍ ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ. സുഭാഷ് മാറിയതിന് പിന്നാലെ നാല് മേഖലാ സെക്രട്ടറിമാരും ഒഴിയാനുള്ള നീക്കത്തിലാണ്.

ബി.ജെ.പിയുടെയും പരിവാര്‍ സംഘടനകളുടെയും ഭാരവാഹിത്വത്തില്‍ നിന്ന് ആര്‍.എസ്.എസ് പൂര്‍ണമായി മാറുന്നതിന്‍റെ ഭാഗമായാണിതെന്നാണ് വിവരം. ഈ പദവികളില്‍ ഇനി ആര്‍.എസ്.എസില്‍നിന്ന് മുഴുവന്‍സമയ പ്രചാരകരെ നിയോഗിക്കില്ല. ആർ.എസ്.എസ് ദേശീയ തലത്തില്‍ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണിത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ആർ.എസ്.എസിന്‍റെ സജീവ പങ്കാളിത്തമില്ലായിരുന്നു. മനസാക്ഷിക്കനുസരിച്ച്‌ പ്രവർത്തിച്ചാല്‍ മതിയെന്ന നിർദേശമാണ് പ്രവർത്തകർക്ക് ആർ.എസ്.എസ് സംസ്ഥാന നേതൃത്വം നല്‍കിയിരുന്നത്.

ബി.ജെ.പിയുടെ ദൈനംദിന രാഷ്ട്രീയത്തില്‍നിന്ന് ആര്‍.എസ്.എസ് ഘട്ടംഘട്ടമായി പിന്മാറുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന കെ. സുഭാഷ് പദവി ഒഴിഞ്ഞത്. അതിന് പുറമെ നാല് മേഖല സെക്രട്ടറിമാരും മാതൃസംഘടനയായ ആര്‍.എസ്.എസ്സിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞവര്‍ഷം ജൂണില്‍ പാലോട് ചേര്‍ന്ന യോഗത്തിലാണ് സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ഗണേശിനെ മാറ്റി സുഭാഷിനെ നിയോഗിച്ചത്. ഗണേശ് നാലുവര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നിരുന്നു.

സുഭാഷ് ഒരുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ ഒഴിഞ്ഞു. സ്ഥിരമായ ഭാരവാഹിത്വത്തിലേക്ക് ആർ.എസ്.എസില്‍ നിന്നു ആരെയും നിയോഗിക്കേണ്ട എന്ന തീരുമാനത്തിലാണിത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുകയും വോട്ടുശതമാനം കൂട്ടുകയും ചെയ്യുന്നതില്‍ സുഭാഷ് സുപ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍ ആർ.എസ്.എസ് നേതാക്കളുടെ അമിത ഇടപെടലില്‍ ബി.ജെ.പി നേതാക്കളില്‍ ചിലർക്ക് അസംതൃപ്തിയുമുണ്ടായിരുന്നു.

തിരുവനന്തപുരം മേഖല സെക്രട്ടറി വൈ. സുരേഷ് ഉത്തരമേഖലയില്‍ ആര്‍.എസ്.എസ് ചുമതലയിലേക്ക് പോകും. മധ്യമേഖലയിലെ എല്‍. പത്മകുമാര്‍ സേവാ മേഖലയിലേക്ക് മടങ്ങിയേക്കും. പാലക്കാട് മേഖലയിലെ കെ.പി. സുരേഷിന് ആറന്മുളയിലെ ബാലഗ്രാമത്തിന്‍റെ ചുമതലയാകും നല്‍കുക. ഉത്തരമേഖയിലെ ജി. കാശിനാഥിനെ എറണാകുളത്ത് ബൗദ്ധിക മേഖലയിലേക്ക് നിയോഗിക്കുമെന്നാണ് വിവരം. കാശിനാഥ് ബി.ജെ.പി സംഘടനാ സെക്രട്ടറിയാകുമെന്ന് സൂചനയുണ്ടായിരുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷിനെയും മാതൃസംഘടനയിലേക്ക് തിരികെ വിളിച്ചതായാണ് വിവരം.

ഒഴിവു വരുന്ന ഈ പദവികളില്‍ ഇനി ആര്‍.എസ്.എസില്‍നിന്ന് മുഴുവന്‍സമയ പ്രചാരകര്‍ വരില്ല. ബി.ജെ.യില്‍ നിന്നുതന്നെയാകും ഇനി ഈ ചുമതലയിലേക്ക് ആള്‍ക്കാർ എത്തുക. ബി.ജെ.പിയില്‍ മാത്രമല്ല ബി.എം.എസ്, എ.ബി.വി.പി, വി.എച്ച്‌.പി തുടങ്ങിയ സംഘനകളിലെയും ആര്‍.എസ്.എസ് പ്രതിനിധികള്‍ പിന്‍വാങ്ങുമെന്നാണ് വിവരം. ബി.ജെ.പി ഉള്‍പ്പടെയുള്ള പരിവാര്‍ സംഘടനകള്‍ രാജ്യത്ത് വേണ്ടത്ര വളര്‍ന്നുവെന്നും ഇനി ആര്‍.എസ്.എസ് കൈത്താങ്ങ് ആവശ്യമില്ലെന്നും ആർ.എസ്.എസ് നേതൃത്വം വിലയിരുത്തുന്നു. അടുത്തവര്‍ഷം ആര്‍.എസ്.എസിന്‍റെ നൂറാം വാര്‍ഷികം പ്രമാണിച്ച്‌ രാജ്യത്തെ ആര്‍.എസ്.എസ് ശാഖകളുടെ എണ്ണം ഒരുലക്ഷത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ അറുപതിനായിരം ശാഖകളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ കൂടുതലും കേരളത്തിലാണ്.

ഈമാസം 31 മുതല്‍ അടുത്തമാസം രണ്ടുവരെ പാലക്കാട് ചേരുന്ന ആർ.എസ്.എസ് അഖിലഭാരതീയ ബൈഠക്കില്‍ സംഘടനയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. അതിന് ശേഷം ശാഖകള്‍ ശക്തമാക്കുന്ന നടപടികളിലേക്കും കടക്കും.

Facebook Comments Box