Thu. May 9th, 2024

മുസ്‌ലിംങ്ങള്‍ക്കൊപ്പം നിന്നിട്ടും അവര്‍ ഞങ്ങളെ സഹായിച്ചില്ല- കുമാരസ്വാമി

By admin Sep 24, 2023 #bjp #congress
Keralanewz.com

ബംഗളൂരു: എപ്പോഴും മുസ്‌ലിംകള്‍ക്കൊപ്പം നിന്നിട്ടും അവര്‍ തിരിച്ചു തങ്ങളെ സഹായിച്ചിട്ടില്ലെന്ന് ജെ.ഡി-എസ് തലവൻ എച്ച്‌.ഡി കുമാരസ്വാമി.

അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് ഭരണകൂടമാണ് ബി.ജെ.പിയുമായി സഖ്യംചേരാൻ തങ്ങളെ നിര്‍ബന്ധിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കര്‍ണാടക രാഷ്ട്രീയത്തില്‍ എന്തു സംഭവിക്കുമെന്നു പറയാനാകില്ലെന്നും പറഞ്ഞു.

‘ഡെക്കാൻ ഹെറാള്‍ഡി’നു നല്‍കിയ അഭിമുഖത്തിലാണ് എച്ച്‌.ഡി കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്. ”പാര്‍ട്ടി വിടുന്ന മുസ്‌ലിം നേതാക്കളോട് ചോദിക്കാനുള്ളത് അവര്‍ പാര്‍ട്ടിക്കു വേണ്ടി എന്താണു ചെയ്തതെന്നാണ്. പാര്‍ട്ടി വിടാനുള്ള കാരണമായി ചുമ്മാ പുതിയ സഖ്യത്തെ ചൂണ്ടിക്കാട്ടുകയാണ്. എച്ച്‌.ഡി ദേവഗൗഡയാണ് ഈ നേതാക്കന്മാര്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിനു നാലു ശതമാനം സംവരണം നല്‍കിയത്. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചപ്പോഴെല്ലാം ഞാനാണു കൂടെ നിന്നിട്ടുള്ളത്. അപ്പോളെല്ലാം കോണ്‍ഗ്രസ് മൗനത്തിലായിരുന്നു. തിരിച്ച്‌ എന്താണ് അവര്‍ ഞങ്ങള്‍ക്കു തന്നത്? എനിക്കു നല്ല വളര്‍ച്ചയുണ്ടാകുന്നില്ലെങ്കില്‍ അവരെ എങ്ങനെയാണു സംരക്ഷിക്കുക? അവരുടെ സമുദായത്തിനു സംരക്ഷണം നല്‍കിയിട്ടും തിരിച്ച്‌ ഒരു പിന്തുണയുമുണ്ടായിട്ടില്ല.”-അദ്ദേഹം പറഞ്ഞു.

ജെ.ഡി-എസ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരാനിരിക്കുകയാണെന്നത് തങ്ങളുടെ അനിശ്ചിതാവസ്ഥ കാരണം അവര്‍ ഉണ്ടാക്കിയ ഗോസിപ്പ് മാത്രമാണെന്നും കുമാരസ്വാമി പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ജെ.ഡി-എസില്‍നിന്നും ബി.ജെ.പിയില്‍നിന്നുമെല്ലാം എം.എല്‍.എമാരെ റാഞ്ചാൻ അവര്‍ നീക്കങ്ങള്‍ നടത്തി പരാജയപ്പെട്ടതാണ്. ഞങ്ങളുടെ ഒറ്റ എം.എല്‍.എയും പാര്‍ട്ടി വിടില്ല. ഒരു ബി.ജെ.പി നേതാവുമായും എനിക്ക് അഭിപ്രായഭിന്നതയില്ല. അവരുമായി 99.9 ശതമാനം മനപ്പൊരുത്തത്തോടെയാണു മുന്നോട്ടുപോകുന്നത്. ഇതെല്ലാം (2006ലെ) ജെ.ഡി.എസ്-ബി.ജെ.പി സര്‍ക്കാര്‍ കാലത്ത് തെളിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജെ.ഡി-എസിന്റെ മതേതരത്വത്തെ കുറിച്ചു ചോദിക്കുന്നുണ്ട്. മതേതരത്വം എന്നതുകൊണ്ട് അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് എനിക്കു തിരിച്ചുചോദിക്കാനുള്ളത്. 2004 മുതല്‍ 2010 വരെ ബി.ജെ.പിയുടെ വാതിലില്‍ മുട്ടി മുഖ്യമന്ത്രിയാകാൻ സഹായം ചോദിച്ചു നടന്നപ്പോള്‍ സിദ്ധരാമയ്യയുടെ മതേതരത്വം എവിടെയായിരുന്നു? ഇതിനെക്കുറിച്ചെല്ലാം കൃത്യമായ വിവരങ്ങളുണ്ട് എന്റെയടുത്ത്. അദ്ദേഹത്തിന്റെ മതേതരത്വം വ്യാജമാണ്. എന്റെയോ എന്റെ പാര്‍ട്ടിയുടെയോ മതേതര നിലപാടിനെ ചോദ്യംചെയ്യാനുള്ള ധാര്‍മികാവകാശം അവരില്‍ ആര്‍ക്കുമില്ല.

അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് ഭരണകൂടമാണ് ബി.ജെ.പിയുമായി സഖ്യം ചേരാൻ ഞങ്ങളെ നിര്‍ബന്ധിച്ചത്. സംസ്ഥാനത്തെ അഴിമതി നിറഞ്ഞ കരങ്ങളില്‍നിന്നു മോചിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. അത്തരമൊരു സഖ്യത്തിലേക്കു പോകുംമുൻപ് പലതരത്തിലുള്ള കണക്കുകൂട്ടലുകള്‍ നടന്നിരുന്നു. ഈ സഖ്യം എനിക്കോ എന്റെ കുടുംബത്തിനോ വേണ്ടിയുള്ളതല്ല, സംസ്ഥാനത്തിനു വേണ്ടിയാണ്. സംസ്ഥാനത്തെ നേതാക്കന്മാരെ വിശ്വാസത്തിലെടുക്കണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തെ ഞാൻ ഉപദേശിച്ചിട്ടുണ്ട്. 28 ലോക്‌സഭാ സീറ്റാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ഒരു റൂട്ട് മാപ്പ് തയാറാക്കും. സംസ്ഥാനത്ത് സംയുക്ത പ്രതിപക്ഷമായി മുന്നോട്ടുപോകും.”

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കുമാരസ്വാമി മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: ഒന്നും എന്റെ കൈയിലല്ല. മഹാരാഷ്ട്രയില്‍ സംഭവിച്ചത് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, പ്രധാനമന്ത്രി അടക്കം എല്ലാ പദവികളും കണ്ടവരാണ് എന്റെ കുടുംബം. (പ്രതിപക്ഷ നേതൃസ്ഥാനം) എന്റെ ലക്ഷ്യമല്ല. കോണ്‍ഗ്രസിനെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരാൻ ഒരു ഓപറേഷന്റെയും ആവശ്യമില്ല. കൂടുതല്‍ ഉപമുഖ്യമന്ത്രിമാരെ കൊണ്ടുവരാനുള്ള പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത് സര്‍ക്കാറിന്റെ നില അത്ര ഭദ്രമല്ലെന്നാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post