ന്യൂഡല്‍ഹി: സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി യുഎസില്‍ വച്ച് നടത്തിയ പരാമർശങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ജൻ സൂരജ് അദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ.
സംവരണത്തിന്റെ ക്വോട്ട വർദ്ധിപ്പിക്കുന്നതിനെ ഏതാനും മാസങ്ങള്‍ക്ക് മുൻപ് വരെ അനുകൂലിച്ചാണ് സംസാരിച്ചിരുന്നതെന്നും, എന്നാലിപ്പോള്‍ സംവരണം എടുത്തുകളയുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും പ്രശാന്ത് കിഷോർ പറയുന്നു.
എപ്പോള്‍ എന്താണ് പറയുന്നതെന്ന് രാഹുലിന് തന്നെ നിശ്ചയമില്ലാത്ത അവസ്ഥയാണെന്നും പ്രശാന്ത് കിഷോർ പരിഹസിച്ചു. ” കുറച്ച് മാസങ്ങള്‍ക്ക് മുൻപ് വരെ ജാതി സെൻസസിനെ അനുകൂലിച്ചും സംവരണം വർദ്ധിപ്പിക്കണമെന്നുമെല്ലാം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അമേരിക്കയില്‍ ചെന്നിട്ട് സംവരണം എടുത്ത് കളയുന്നതിനെ കുറിച്ച് സംസാരിക്കുന്നു. ഇവിടെ വച്ച് പറയുന്നതല്ല അമേരിക്കയില്‍ ചെന്നിട്ട് പറയുന്നത്.
തെരഞ്ഞെടുപ്പുകള്‍ വരുമ്ബോള്‍ സംവരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും, ജാതി സെൻസസ് നടപ്പിലാക്കുന്നതിനെ കുറിച്ചുമെല്ലാം രാഹുല്‍ സംസാരിക്കുന്നു. പിന്നെ ഇപ്പോള്‍ എന്തിനാണ് അദ്ദേഹം തന്റെ അഭിപ്രായം മാറ്റിയത്. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. രാഹുലിന്റെ കൂടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയാനാകൂ. എന്ത് എപ്പോള്‍ എങ്ങനെ പറയണമെന്നോ, പറയുന്നത് എന്താണെന്നോ പലപ്പോഴും രാഹുലിന് പോലും അറിയാത്ത സ്ഥിതിയാണെന്നും” പ്രശാന്ത് കിഷോർ പറഞ്ഞു.