: ഇസ്രായേലിന് നേരെ ഇറാൻ മിസൈല്‍ ആക്രമണം അഴിച്ചുവിട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ കുടുതല്‍ സങ്കീർണമായിരിക്കുകയാണ്
ഗസയില്‍ ഹമാസിനെതിരെയുള്ള സൈനീക നടപടികള്‍ അവസാനിപ്പിച്ച ഇസ്രായേല്‍, തൊട്ടുപിന്നാലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയ്ക്ക് നേരെ അക്രമണം ശക്തമാക്കിയതോടെയാണ് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി ആരംഭിച്ചത്. ഹിസ്ബുല്ലയ്ക്ക് നേരയുള്ള പേജർ, വാക്കിടോക്കി ആക്രമങ്ങളും പിന്നാലെ ഹിസ്ബുല്ലയുടെ പ്രധാന നേതാവ് ഹസൻ സസ്റല്ലയുടെ കൊലപാതകവുമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. ഇറാന് ശക്തമായി തിരിച്ചടി നല്‍കുമെന്ന് ഇസ്രായേലും, ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയും രംഗത്തെത്തിയതോടെ രൂക്ഷമായ യുദ്ധത്തിനാണ് സാധ്യത
ആകൂലതകള്‍, ആശങ്കകള്‍
സുപ്രധാനമായ ചെങ്കടല്‍ കടല്‍പാത പശ്ചിമേഷ്യയിലൂടെയാണ് കടന്നുപോകുന്നത്. കടല്‍ മാർഗമുള്ള ഇന്ത്യയിലേക്കുള്ള പ്രധാന ചരക്കുഗതാഗത പാതകൂടിയാണിത്. ചെങ്കടല്‍ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഭൂരിഭാഗത്തിനും ഉത്തരവാദികളായ യെമനിലെ ഹൂതി വിമതരുമായി ഹിസ്ബുല്ല അടുത്ത ബന്ധം പങ്കിടുന്നതിനാല്‍ സംഘർഷം വിപുലമാകുന്നത് വ്യാപാര തടസ്സങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നു. യൂറോപ്പ്, യുഎസ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുമായുള്ള വ്യാപാരത്തിനായി സൂയസ് കനാല്‍ വഴിയുള്ള ഈ പാതയെ ഇന്ത്യ വൻതോതില്‍ ആശ്രയിക്കുന്നതിനാല്‍ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന (ഫൊട്ടോ കടപ്പാട് എക്സ്|ഇസ്രായേല്‍ പിഎം)
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായാല്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുഗതാഗതം പൂർണ്ണമായി സ്തംഭിക്കും. നിലവില്‍ പ്രദേശത്തെ സംഘർഷത്തെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് ഒൻപത് ശതമാനം ഇടിവുണ്ടായി.ചെങ്കടല്‍ പ്രതിസന്ധിയെ തുടർന്ന് ഓഗസ്റ്റില്‍ ഇന്ത്യയുടെ പെട്രോളിയം കയറ്റുമതി 38 ശതമാനം കുത്തനെ ഇടിഞ്ഞിരുന്നു.
ചെലവ് കൂടുന്നു
ചെങ്കടല്‍ പ്രതിസന്ധിയെ തുടർന്ന് മിക്ക കപ്പല്‍ കമ്ബനികളും ആഫ്രിക്കയിലൂടെയുള്ള കടല്‍പാതകള്‍ സ്വീകരിക്കുന്നു. ഇത് ചെലവ് വർധിപ്പിക്കുകയാണ്. ഇന്റർനാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) രേഖകള്‍ പ്രകാരം സൂയസ് കനാലിലൂടെ കടന്നുപോകുന്ന വ്യാപാരത്തിന്റെ അളവ് വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ 50 ശതമാനം കുറഞ്ഞിട്ടുണ്ട്. ചെങ്കടലിലെ പ്രതിസന്ധിയാണ് ഇതിന് കാരണം. ബദല്‍പാതകള്‍ തിരഞ്ഞെടുക്കുന്നതിനാല്‍ ഷിപ്പിംഗ് ചെലവില്‍ 15-20 ശതമാനം വർദ്ധനവിന് കാരണമാകുന്നു. ഇത് ഇന്ത്യൻ കമ്ബനികളുടെ, പ്രത്യേകിച്ച് താഴ്ന്ന നിലവാരത്തിലുള്ള എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ടെക്സ്റ്റൈല്‍സ്, വസ്ത്രങ്ങള്‍, മറ്റ് സാധനങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നവരുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചു.
യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 6.8 ശതമാനം വർധിച്ചെങ്കിലും മെഷിനറി, സ്റ്റീല്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയ മേഖലകളില്‍ ഇടിവ് നേരിട്ടതായി മുൻ ട്രേഡ് ഓഫീസറും ജിടിആർഐ മേധാവിയും പറഞ്ഞു.
സാമ്ബത്തിക ഇടനാഴികയ്ക്ക് വെല്ലുവിളി
പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്ബത്തിക ഇടനാഴി പദ്ധതികള്‍ക്ക് വെല്ലുവിളി ഉയർത്തും. കഴിഞ്ഞ വർഷം ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 മീറ്റിംഗില്‍ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും ഉള്‍പ്പെടുന്നതാണ് പദ്ധതി. പശ്ചിമേഷ്യയിലെ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഈ വ്യാപാര പാതയുടെ വികസന കാര്യങ്ങള്‍ സങ്കീർണമാക്കും.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇസ്രയേലിന്റെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയും ആഗോള തലത്തില്‍ ഏഴാമത്തെ പങ്കാളിയും ഇന്ത്യയാണ്.202223 വർഷങ്ങളില്‍ ഇന്ത്യയുടെ 59-ാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇറാൻ. 233 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായത്. 2021-22 ല്‍ 194 കോടി ഡോളറായിരുന്നു വ്യാപാരം.