HealthKerala News

അമീബിക് മസ്തിഷ്‌കജ്വരം പടർന്നു പിടിക്കുന്നു. ആരോഗ്യവകുപ്പ് അങ്കലാപ്പില്‍

Keralanewz.com

തിരുവനന്തപുരം (മെഡിക്കല്‍ കോളജ്): ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്ബോള്‍ ആരോഗ്യവകുപ്പിന് അങ്കലാപ്പ്.

എസ്‌എറ്റിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി അഞ്ച് പേരാണ് ചികിത്സയിലുള്ളത്. രോഗം വ്യാപകമായി പടരുമ്ബോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പഠനം നടത്തുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞെങ്കിലും ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യ വകുപ്പ്

എസ് എ റ്റി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് പുലമ്ബാറ സ്വദേശിയായ ഒന്‍പത് വയസുകാരിക്ക് പുറമെ നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാരത്ഥി, തിരുമല സ്വദേശിയായ 31 കാരി അതിയന്നൂര്‍ മുള്ളുവിള സ്വദേശിയായ 27 കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല.

രോഗ പകര്‍ച്ചയെ ജില്ലയിലെ വിവിധ ജലാശയങ്ങളില്‍ നിന്ന് ജലം വിശദ പരിശോധനയ്‌ക്കായി ആരോഗ്യ വകുപ്പ് ശേഖരിച്ചുവെങ്കിലും പരിശോധന ഫലം പോലും പുറത്ത് വന്നിട്ടില്ല. രോഗബാധിതരായവര്‍ കുളിച്ച ജലാശങ്ങളില്‍ നിന്ന് ആരൊക്കെ കുളിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും രോഗബാധിതരായവരുടെ കുടുംബാംഗങ്ങള്‍ ഈ വെള്ളം ഉപയോഗിച്ചിട്ടുണ്ടോയെന്നും ഇവര്‍ക്ക് രോഗബാധയുണ്ടോയെന്നും പരിശോധ നടത്തുന്നുല്ലെന്നും ആരോപണമുണ്ട്. പകരം രോഗികളെ സംബന്ധിച്ച വിവരം മറച്ചു പിടിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ജില്ലയില്‍ രോഗം ബാധിച്ചവര്‍ വെള്ളത്തില്‍ ലഹരികലര്‍ത്തി മൂക്കിലൂടെ വലിച്ചുകയറ്റിയിരുന്നുവെന്ന ആരോഗ്യമന്ത്രിയുടെ വിവാദം മുമ്ബ് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 14 പേരാണ് രോഗബാധിതയായത്. ഇതില്‍ ഒരാള്‍ മരിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ഇടയ്‌ക്കിടെ ബോധരഹിതയാകുന്ന അവസ്ഥയിലെത്തിയാല്‍ 97 ശതമാനം മരണം ഉറപ്പാണ്. രോഗത്തിന്റെ തുടക്കില്‍ത്തന്നെ ചികിത്സ തേടിയാലേ ഭേദമാക്കാനാകൂ എന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കെട്ടികിടക്കുന്ന ജലാശയങ്ങളിലും നദികളിലും കളിക്കുന്നവര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാഹചര്യമാണുള്ളത്. എന്നാല്‍ അടുത്തിടെ ആരോഗ്യ വകുപ്പ് നടത്തിയ ശില്പശാലയില്‍ പൈപ്പ് വെള്ളത്തില്‍ കൂടിയും രോഗബാധയുണ്ടാകാമെന്ന കണ്ടെത്തെലാണുള്ളത്.

രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മുള്ളുവിള സ്വദേശി കിണര്‍ വെള്ളത്തിലോ നദിയിലോ കുളിച്ചിട്ടില്ല. പൈപ്പ് വെള്ളത്തില്‍ മാത്രം കളിക്കുന്ന ഇവര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നത് ശില്പശാലയിലെ കണ്ടെത്തലുകളെ ബലപ്പെടുത്തുകയാണ്. മണ്ണിലുണ്ടാകുന്ന അമീബയെക്കാള്‍ ജലത്തിലുള്ള അമീബ തലച്ചോറിനുള്ളില്‍ പ്രവേശിക്കുന്നത് അതീവ ഗുരുതരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ വ്യാപകമായ ബോധവത്കരണത്തിനോ ജലാശയങ്ങളിലെ അമീബയുടെ വളര്‍ച്ച ഇല്ലാതാക്കാനോ ആരോഗ്യ വകുപ്പും സര്‍ക്കാരും അലംഭാവം കാണിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്.

Facebook Comments Box