Kerala NewsPolitics

ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേയ്ക്ക് പോകുന്നത് ജനാധിപത്യത്തില്‍ പതിവുള്ളത്; കെ. മുരളീധരൻ.

Keralanewz.com

ഒരു രാഷ്ട്രീയപാർട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേയ്ക്ക് പോകുന്നത് ജനാധിപത്യത്തില്‍ പതിവുള്ളതാണ്.

അതില്‍ അത്ഭുതപ്പെടാൻ ഒന്നുമില്ല. നാളെ ഇനി സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖരനോ ജോർജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും ഞാൻ സ്വാഗതം ചെയ്യും. ബി.ജെ.പിയില്‍ നിന്ന് ചില കൗണ്‍സിലർമാർ വരുന്നുവെന്ന് വാർത്തയുണ്ട്. അതിനെയും ഞാൻ സ്വാഗതം ചെയ്യും.

സന്ദീപ് വാര്യരുടെ കാര്യത്തില്‍ എനിക്ക് രണ്ട് എതിരഭിപ്രായം മാത്രമേ ഉള്ളൂ. ഒന്ന് അദ്ദേഹം ഗാന്ധി വധത്തെ ന്യായീകരിച്ചു. രണ്ട് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചു. വിമർശനം രണ്ടുതരത്തിലുണ്ട്.

രാഷ്ട്രീയപരമായും വ്യക്തിപരമായും വിമർശിക്കാം. സുരേന്ദ്രനെപ്പറ്റി സന്ദീപ് വാര്യർ കഴിഞ്ഞദിവസം നടത്തിയത് രാഷ്ട്രീയപരമായ വിമർശനമാണ്. അത് ഞങ്ങളും അംഗീകരിക്കുന്നു. പക്ഷേ രാഹുല്‍ ഗാന്ധിയെപ്പറ്റി അദ്ദേഹം പറഞ്ഞത് അതല്ല. ഈ രണ്ട് കാരണങ്ങള്‍ കൊണ്ട് മാത്രമാണ് സന്ദീപ് വാര്യരുടെ വരവിനെ മാത്രം ഞാൻ എതിർത്തത്. പക്ഷേ പാർട്ടി ഒരു നിലപാട് സ്വീകരിച്ചു. അദ്ദേഹത്തെ സ്വീകരിക്കാൻ തീരുമാനിച്ചു. ഇന്നലെമുതല്‍ സന്ദീപ് വാര്യർ കോണ്‍ഗ്രസുകാരനായി. ഇന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ കണ്ടതുമുതല്‍ അദ്ദേഹം യുഡിഎഫുകാരനുമായി. ഇനി അതില്‍ തുടർചർച്ചകളില്ല.

സന്ദീപ് വാര്യർ കോണ്‍ഗ്രസിലേയ്ക്ക് വന്നില്ലായിരുന്നെങ്കിലും പാലക്കാട് തങ്ങള്‍ ജയിക്കുമെന്നും അദ്ദേഹത്തിന്റെ വരവിനെ എതിർത്തത് രണ്ട് കാരണങ്ങള്‍ കൊണ്ടെന്നും കെ. മുരളീധരൻ. താൻ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനൊന്നും അല്ലെന്നും ഒരു എളിയ പാർട്ടി പ്രവർത്തകൻ ആണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. സന്ദീപ് വാര്യരുടെ വരവ് ടിവിയിലൂടെയാണ് അറിഞ്ഞതെന്നും സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖരനോ ജോർജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും താൻ സ്വാഗതം ചെയ്യുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Facebook Comments Box