Fri. Dec 6th, 2024

കുറവിലങ്ങാടിൻ്റെ ഹൃദയസ്പന്ദനങ്ങൾ ഒപ്പിയെടുത്ത് നാട്ടുകാരിലെത്തിച്ചിരുന്ന ജോയി വട്ടംകുഴിത്തടത്തിൽ വിടവാങ്ങി.

By admin Nov 30, 2024 #news
Keralanewz.com

കുറവിലങ്ങാട് :
കുറവിലങ്ങാടിന്റെ ഹൃദയസ്പന്ദനം അറിയാൻ എന്ന ടാഗ് ലൈനോടുകൂടി കുറവിലങ്ങാടിന്റെ സ്പന്ദനങ്ങളെ നാട്ടുകാരെ അറിയിച്ച ജോയി ചേട്ടൻ വിടവാങ്ങി.കുറവിലങ്ങാടിന്റെ നല്ലതും നന്മയും പ്രതീക്ഷകളും പോരായ്മകളും നാടിൻറെ മുൻപിൽ വരച്ചുകാട്ടുവാൻ അദ്ദേഹം ഏറെ ശ്രദ്ധാലുവായിരുന്നു.ഫോക്കസിങ് കുറവിലങ്ങാട് എന്ന പേരിൽ കറവിലങ്ങാടിൻ്റെ വികസനത്തിലേക്ക് ഫോക്കസ് ചെയ്യുന്ന നിരവധി കാര്യങ്ങൾ ഭരണരംഗത്തും ഉദ്യോഗസ്ഥ രംഗത്തും സാമൂഹിക രംഗത്തുമെല്ലാം അദ്ദേഹം എത്തിച്ചു.

മരണത്തിന് ഏതാനും മണിക്കൂറുകൾ മുൻപും കുറവിലങ്ങാട്ടെ സാമൂഹിക പ്രശ്നം അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു.സീബ്ര ലൈനു സമീപം അപകടകരമായ നിലയിൽ മണ്ണ് കിടന്നത് അദ്ദേഹം തന്റെ മീഡിയയിലൂടെ പ്രസിദ്ധപ്പെടുത്തുകയും മണിക്കൂറുകൾക്കകം തന്നെ പൊതുമരാമത്ത് വകുപ്പ് മണ്ണ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

കുറവിലങ്ങാടിന്റെ വികസനത്തിന് സാധ്യമാകുന്ന പുതിയ ബൈപാസ് റോഡുകളും ടൗൺഷിപ്പ് മാസ്റ്റർ പ്ലാനും എല്ലാം അദ്ദേഹം ഭാവനയിലെ ചിത്രങ്ങൾ അടക്കം പലപ്പോഴും പോസ്റ്റ് ചെയ്യുകയും അത് സംബന്ധിച്ചു വിവരണങ്ങൾ നൽകുകയും ചെയ്തിരുന്നു.പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന സർക്കാർ അറിയിപ്പുകളും വിജ്ഞാപനങ്ങളും അദ്ദേഹത്തിൻറെ പേജിലൂടെ ആയിരുന്നു മിക്കവാറും ജനങ്ങൾ അറിഞ്ഞിരുന്നത്.

രാഷ്ട്രീയ മത ഭേദമെന്നെ പ്രധാനപ്പെട്ട പ്രാദേശിക വാർത്തകൾ എല്ലാം തന്നെ യാതൊരുവിധ ഏറ്റക്കുറച്ചിലുകളും ഇല്ലാതെ അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു.

അനേകം ജനകീയ നന്മകളാണ് അദ്ദേഹം ഉയർത്തി കാട്ടിയിട്ടുള്ളത്.വിദേശത്തും സ്വദേശത്തുമായി അനേകം സൗഹൃദ സമ്പത്താണ് അദ്ദേഹത്തിന് ഉള്ളത്.

ദീർഘനാളത്തെ പ്രവാസ ജീവിതത്തിനു ശേഷം കുറവിലങ്ങാടിന്റെ സാമൂഹിക രംഗത്ത് അദ്ദേഹം പ്രവർത്തിച്ചു.കുറവിലങ്ങാട് ഇടവകയുടെ മുൻ യോഗപ്രതിനിധി ആയിരുന്നു.

ജനപ്രതിനിധികളുടെ വികസന നേട്ടങ്ങൾ അദ്ദേഹം രാഷ്ട്രീയഭേദ മെന്യേ ഉയർത്തിക്കാട്ടിയിരുന്നു.

വിവിധ പത്രമാധ്യമങ്ങളിലെ വാർത്തകൾ കൂടുതൽ ജനകീയമാക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു.

മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ജനപ്രതിനിധികളെ നേരിട്ട് വിളിച്ച് തന്റെ അഭിനന്ദനങ്ങൾ അറിയിക്കുവാനും അദ്ദേഹം പരിശ്രമിച്ചിരുന്നു വെന്ന് ചില മുൻ ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഫോക്കസിംഗ് കുറവിലങ്ങാട് ചുരുങ്ങിയ കാലം കൊണ്ട് കുറവിലങ്ങാടിന്റെ ഒരു പ്രധാന ശബ്ദമായി മാറിയിരുന്നു.
ആർക്കും ഒരു നല്ല മാധ്യമപ്രവർത്തകനാകാമെന്ന് അദ്ദേഹം തെളിയിച്ചു. ഞായ റാഴ്ച രാവിലെ 9 മണിക്ക് കുറവിലങ്ങാട്ടുള്ള വട്ടംകുഴിത്തടത്തിൽ ഭവനത്തിൽ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട്
മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ മൃതസംസ്കാരം നടത്തും.

ജോയ് വട്ടംകുഴി തടത്തിലിന്റെ നിര്യാണത്തിൽ കുറവിലങ്ങാട്ട് പൊതുസമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു.

Facebook Comments Box

By admin

Related Post