“ആചാരങ്ങളില്‍ കൈ കടത്തരുത്, ഹിന്ദുക്കളുടെ കുത്തക ശിവഗിരിക്കല്ല”; മുഖ്യമന്ത്രിക്കും ശിവഗിരി മഠത്തിനും മറുപടിയുമായി എൻഎസ്‌എസ്
ചങ്ങനാശ്ശേരി : ക്ഷേത്രത്തിലെ മേല്‍വസ്ത്ര പരാമർശത്തില്‍ മുഖ്യമന്ത്രിക്കും ശിവഗിരിക്കും മറുപടിയുമായി എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.
സുകുമാരൻ നായർ. ഇരു കൂട്ടരും ഹിന്ദുക്കളുടെ ആചാരങ്ങളില്‍ കൈ കടത്തരുതെന്ന് എൻഎസ്‌എസ് അധ്യക്ഷൻ ആവശ്യപ്പെട്ടു. ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളില്‍ ഇടപെടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഹിന്ദുക്കളോട് മാത്രമാണോ വ്യാഖ്യാനങ്ങള്‍? ഇതര മതക്കാരെ വിമർശിക്കാൻ ധൈര്യമുണ്ടോയെന്നും ജി. സുകുമാരൻ നായർ ചോദിച്ചു. ഹിന്ദുക്കളുടെ കുത്തക ശിവഗിരിക്കല്ലെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി വിമർശിച്ചു.
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. “ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിക്കും മുഖ്യമന്ത്രിക്കും ധൈര്യമുണ്ടോ? അവരുടെയൊക്കെ ക്ഷേത്രങ്ങളില്‍ ഷർട്ട് ഇട്ട് പോകണമെങ്കില്‍ പൊയ്ക്കോട്ടെ. കാലാകാലങ്ങളില്‍ നിലനിന്ന് പോരുന്ന ആചാരങ്ങള്‍ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നത്? ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്തുണക്കാൻ പാടില്ലാത്തതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് മുന്നോട്ടുപോകാൻ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്,” സുകുമാരൻ നായർ പറഞ്ഞു.
“എത്രയോ കാലം മുമ്ബ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്ക്കാരം നടത്തിയിട്ടുണ്ട്. നിങ്ങള്‍ തീരുമാനിച്ച് നിങ്ങള്‍ നടപ്പിലാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങള്‍ ഇങ്ങനെയാണ്. ഉടുപ്പിട്ട് പോകാൻ കഴിയുന്നത് അങ്ങനെ പോകണം. അല്ലാതെ അത് നിർബന്ധിക്കരുത്. ശബരിമലയില്‍ എല്ലാവരും ഉടുപ്പിട്ടാണ് പോകുന്നത്, അത് അവിടുത്തെ രീതി. ഹിന്ദുവിന് മാത്രം ഈ രാജ്യത്ത് ഒന്നും പറ്റില്ല എന്ന ചിലരുടെ പിടിവാശി അംഗീകരിക്കാൻ പറ്റില്ല,” സുകുമാരൻ നായർ കൂട്ടിച്ചേർത്തു.